സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയാൽ ചടങ്ങ് ബഹിഷ്‌ക്കരിക്കും: ഡോ. ബിജു

വെള്ളി, 20 ജൂലൈ 2018 (12:10 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തുന്നതുമായി ബന്ധപ്പെട്ട ഗവൺമെന്റിന്റെ തീരുമാനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തണുക്കുന്നില്ല. ഇതേക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി ഡോ. ബിജു രംഗത്തെത്തിയിരുന്നു. വീണ്ടും ഡോ. ബിജു ഫേസ്‌ബുക്കിലൂടെയാണ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌‌റ്റ്:-
 
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ആഗസ്റ്റ് 8 ന് നടക്കുന്നു.ചടങ്ങ് വിജയിപ്പിക്കാൻ അക്കാദമി സംഘാടക സമിതി വിളിച്ചിരിക്കുകയാണ്. മൂന്നേ മൂന്ന് കാര്യങ്ങൾ സൂചിപ്പിച്ചു കൊള്ളട്ടെ.
 
1. കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ ആയി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത് സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ അവാർഡ് താര നിശകളെ പോലും നാണിപ്പിക്കുന്ന തരത്തിൽ വികൃതവും അപഹാസ്യവും ആയാണ്. മിമിക്രിയും ഡാൻസും കുത്തിനിറച്ചു് താരങ്ങളുടെയും ഫാന്സിന്റെയും ആവേശ അട്ടഹാസങ്ങളും ഒക്കെ ആയി പുരസ്കാരം സ്വീകരിക്കാൻ എത്തിയവർക്ക് പോലും ഇരിപ്പിടം കിട്ടാതെ അപമാനിക്കപ്പെട്ട തരത്തിൽ തികച്ചും അസാംസ്കാരികവും ആരാഷ്ട്രീയവുമായ ഒരു കൂത്തരങ്ങായി ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു പ്രധാന പുരസ്കാരം വിതരണം ചെയ്തിരുന്നത്.ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകും എന്ന് കരുതട്ടെ..പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് തികച്ചും സാംസ്കാരികമായ ഒരു വേദി ഒരുക്കി മാന്യമായ ചടങ്ങിൽ ജേതാക്കൾക്ക് നൽകുക എന്നതും. അല്ലാതെ ആൾക്കൂട്ട ബഹളവും, താരപ്പകിട്ടും , നിലവാരം കുറഞ്ഞ തമാശകളും ഒക്കെ കൂടിച്ചേർന്ന താര നിശ നടത്തി ഏതെങ്കിലും ടെലിവിഷൻ ചാനലിന് വിറ്റല്ല ഒരു സർക്കാരിന്റെ ഏറ്റവും ഉന്നതമായ പുരസ്കാരങ്ങൾ നൽകേണ്ടത് എന്ന സാംസ്കാരിക നിലപാട് ഈ വർഷമെങ്കിലും സർക്കാർ സ്വീകരിക്കും എന്ന് കരുതുന്നു.
 
2. അവാർഡ് വിതരണ ചടങ്ങിൽ അവാർഡ് കിട്ടിയവർക്കാണ് പ്രാധാന്യം. അവാർഡ് കൊടുക്കുന്ന മുഖ്യമന്ത്രിയും , സാംസ്കാരിക മന്ത്രിയും അവാർഡ് ജേതാക്കളും ആണ് ആ വേദിയിലെ പ്രധാനപ്പെട്ടവർ. ഇവരെ കൂടാതെ താരപ്പകിട്ടിനായി താരങ്ങളെ വിളിച്ചു വേദിയിൽ കൊണ്ടുവരുന്ന രീതി നിർത്തണം.അതേ പോലെ പുരസ്കാരം കിട്ടിയവർ ആണ് ആ വേദിയിൽ ആദരിക്കപ്പെടേണ്ടത്. അല്ലാതെ സിനിമാ രംഗത്തെ മറ്റ് കുറേപ്പേരെ ആ വേദിയിൽ പ്രത്യേകം വിളിച്ചു വരുത്തി പൊന്നാടയും ആദരവും നല്കുന്ന നിലവിലുള്ള രീതിയും നിർത്തണം. പുരസ്‌കാരം നേടിയവരെ മാത്രമാണ് ആ വേദിയിൽ ആദരിക്കേണ്ടത്. താല്പര്യമുള്ള മറ്റ് ആളുകളെ ഒക്കെ വിളിച്ചു ആദരിക്കണം എന്ന് സാംസ്കാരിക വകുപ്പിന് വല്ല താൽപര്യവും ഉണ്ടെങ്കിൽ അതിന് വേറെ ഒരു ചടങ്ങ് മറ്റൊരു അവസരത്തിൽ സംഘടിപ്പിക്കുക. ഒരു സ്റ്റേറ്റ് സിനിമാ രംഗത്തെ ഉന്നത പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ആ വേദിയിൽ അല്ല മറ്റുള്ളവരെ ആദരിക്കേണ്ടത്. അവിടെ ആദരിക്കപ്പെടേണ്ടത് ആ പുരസ്‌കാര ജേതാക്കൾ മാത്രം ആയിരിക്കണം.
 
3. നിലവിൽ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് പരസ്യ പിന്തുണ നൽകിയ ഒരു സിനിമാ പ്രവർത്തകരെയും ജനപ്രതിനിധികളെയും ആ വേദിയിൽ അതിഥികളായി ക്ഷണിച്ചിരുത്താൻ സർക്കാർ തയ്യാറാകരുത്. അതൊരു രാഷ്ട്രീയ ബോധവും നിലപാടുമാണ്. ആർജ്ജവമുള്ള ഒരു സർക്കാരിൽ നിന്നും അത്തരത്തിൽ ഒരു നിലപാട് ആണ് ഞങ്ങൾ.പ്രതീക്ഷിക്കുന്നത്. സാംസ്കാരിക വകുപ്പ് അത്തരത്തിൽ ഒരു സാംസ്കാരിക രാഷ്ട്രീയ ബോധം ഇക്കാര്യത്തിൽ ഉയർത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കുന്നു..
 
ഈ മൂന്ന് കാര്യങ്ങളും പരിഗണിക്കാതെ മുൻ വർഷങ്ങളിലെപ്പോലെ കോമാളി ചടങ്ങുകൾ നടത്തി "അവിസ്മരണീയം "ആക്കാനുള്ള ഉദ്ദേശ്യം ഇത്തവണ സാംസ്കാരിക വകുപ്പിന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍