'നീ പോ മോനേ ദിനേശാ', ഇന്ദുചൂഡന്റെ ട്രേഡ് മാർക്ക് ഡയലോഗിന്റെ പിന്നിലെ കഥയിതാണ്!

വെള്ളി, 20 ജൂലൈ 2018 (09:00 IST)
പ്രേക്ഷകർ ഏറ്റെടുത്ത ഡയലോഗുകളിൽ ഒന്നാണ് 'നീ പോ മോനേ ദിനേശാ'. 'നരസിംഹ'ത്തിലെ 'ഇന്ദുചൂഢന്റെ' ഈ ഡയലോഗ് പെട്ടെന്നൊന്നും ആളുകൾക്ക് മറക്കാൻ കഴിയില്ല. ചിത്രത്തില്‍ ഇന്ദുചൂഡന്‍ 'നീ പോ മോനേ ദിനേശാ' എന്ന് പറഞ്ഞതോടെ ഓരോ മലയാളികളും ആ പ്രയോഗത്തെ പല സന്ദര്‍ഭങ്ങളിലും ഉപയോഗപ്പെടുത്താന്‍ തുടങ്ങി.
 
ചില പഞ്ച് ഡയലോഗുകള്‍ പിറവി എടുക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ടാവും. ഇതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഈ ഡയലോഗ് സിനിമയില്‍ ഉപയോഗിച്ചതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ ഷാജി കൈലാസ്.
 
'കോഴിക്കോടുള്ളപ്പോള്‍ ഒഴിവു സമയങ്ങളില്‍ ഞാനും ചിത്രത്തിന്‍റെ രചയിതാവ് രഞ്ജിത്തും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പോകും. പ്രസ് ക്ലബ്ബില്‍ വച്ചാണ് ഒരാളെ കാണുന്നത്. അവിടെ എല്ലാവരെയും 'ദിനേശാ' എന്നാണ് അയാള്‍ വിളിക്കുന്നത്. 'ദിനേശാ ഇങ്ങ് വാ, പോ മേനെ ദിനേശാ, അത് ഇങ്ങേട് മോനെ ദിനേശാ'. എല്ലാവരും അയാള്‍ക്ക് ദിനേശനാണ്.
 
ഇയാളുടെ ഈ ദിനേശ വിളി കേട്ടപ്പോള്‍ രസം തോന്നി. സിനിമയില്‍ ഉപയോഗിച്ചാല്‍ ബെറ്റര്‍ ആകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് നരസിംഹത്തില്‍ വരുന്നത്. ആ 'പോ മോനേ ദിനേശാ' ഡയലോഗ് പിന്നീട് ഇന്ദുചൂഡന്‍റെ ട്രേഡ് മാര്‍ക്കായി മാറുകയും ചെയ്തു.'

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍