യൂണിഫോമിന്റെ മുകളിലെ ബട്ടൺസ് അഴിച്ച് വരുന്ന വനിത എസ് ഐയോട് സ്ത്രീവിരുദ്ധ ഡയലോഗ് പറയുന്ന രാജൻ സക്കറിയ (മമ്മൂട്ടി). ഒരു വഷളച്ചിരിയോടെ രാജൻ സക്കറിയ വനിതാ എസ് ഐയുടെ ബെൽറ്റിൽ കുത്തിപ്പിടിച്ച് അശ്ലീല ഡയലോഗ് പറയുന്നുണ്ട്.
സീൻ- 2
‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. പേര് കസബ. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്‘.- കസബയെ കുറിച്ചും, അതിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയെ കുറിച്ചും നടി പാർവതി പരസ്യമായി പറഞ്ഞ വാക്കുകളാണിത്.
സീൻ- 3
‘ഇതിനെ 30യൂറോയ്ക്ക് റോഡ് സൈഡ്ന്നു പൊക്കിയതാവും എന്ന് കണ്ടാൽ അറിയാം‘- മൈ സ്റ്റോറിയിലെ പാർവതിയുടെ ഹിമ എന്ന കഥാപാത്രം പൃഥ്വിരാജിന്റെ 'ജയ്'യെ നോക്കി പറയുന്ന ഡയലോഗ് ആണിത്. ജയ്ക്കൊപ്പം വന്ന സ്ത്രീയെ കുറിച്ചായിരുന്നു ഹിമയുടെ പരാമർശം. ഹോട്ടൽ ജീവനക്കാരിയായ സ്ത്രീ, ജയ് യുടെ കൂടെ ഡിന്നറിന് വന്നതാണ്.
മുകളിലെ മൂന്ന് സീനുകളും തമ്മിൽ ബന്ധിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണിപ്പോഴുള്ളത്.
രാത്രി ക്ഷണം സ്വീകരിച്ചു ഡിന്നറിനു കൂടെ വരുന്ന സ്ത്രീകൾ 30 യൂറോയ്ക്കു വാങ്ങാൻ കിട്ടുന്നവർ ആണെന്ന പൊതുധാരണയാണോ സംവിധായികയ്ക്കുള്ളത്? ഒരാളെ കണ്ടാൽ എങ്ങനെയാണ് 30യൂറോ എന്ന് വിലയിടാൻ കഴിയുക? കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ ഈ ഡയലോഗ് പാർവതി പറഞ്ഞത് കൊണ്ട് വിവാദമാകുന്നില്ല, ആർക്കും ചോദ്യം ചെയ്യുകയും വേണ്ട, അന്തി ചർച്ചകൾക്ക് ഒരു വിഷയവുമാക്കേണ്ട?
മൈ സ്റ്റോറിയിൽ പാർവതി പറഞ്ഞ ഈ ഡയലോഗ് സ്ത്രീ വിരുദ്ധത അല്ലാതാകുമോ? ചോദിക്കുമ്പോൾ അത് സിനിമയല്ലേ, പറഞ്ഞത് പാർവതി അല്ലല്ലോ പാർവതിയുടെ ഹിമയെന്ന കഥാപാത്രമല്ലേ? കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്തും പറയാമല്ലോ എന്നാണോ?
അങ്ങനെയെങ്കിൽ കസബയിലെ രാജൻ സക്കറിയ പിന്നെ എന്തായിരുന്നു? കസബയിലേത് വലിയ കുറ്റവും മൈ സ്റ്റോറിയിലേത് കുറ്റമല്ലാതേയും ആകുമോ? അങ്ങനെയെങ്കിൽ ഇതിനെയല്ലേ സെലക്ടീവ് പ്രതിഷേധമെന്ന് പറയുന്നത്.
മമ്മൂട്ടിയെ ഉപദേശിച്ച പാർവതി എന്തേ ഈ ഒരു ഡയലോഗിനെ കീറി മുറിച്ച് പരിശോധിച്ചില്ല? ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാൾ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന നായിക (ഹിമ)യെ തിരുത്താൻ പാർവതിക്ക് കഴിയില്ലേ? സ്ത്രീ ശാക്തീകരണത്തിന് വാതോരാതെ സംസാരിക്കുന്ന പാർവതിക്ക് ആ ഡയലോഗിനോട് ‘നോ’ പറയാനുള്ള ധൈര്യമില്ലായിരുന്നോ?
അതേ സിനിമയിൽ മറ്റൊരു സാഹചര്യത്തിൽ പാർവതി പറയുന്നുണ്ട് "ഇവിടുത്തെ പെണ്ണുങ്ങൾ ഒന്നും ശെരിയല്ല മോനെ അത് കൊണ്ട് ഇരുട്ടും മുന്നേ പൊയ്ക്കോളൂ" എന്ന്. ഇതൊരു പുരുഷനായിരുന്നു പറഞ്ഞിരുന്നതെങ്കിലോ?
അടുത്തിടെ റാമിന്റെ പേരൻപ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ മിഷ്കിൻ ഇങ്ങനെ പറയുന്നു "മമ്മൂട്ടി ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഞാൻ ബലാത്സംഗം ചെയ്തേനെ" എന്ന്. ഇത് പറഞ്ഞത് മിഷ്കിൻ ആയതു കൊണ്ട് പ്രതിഷേധം ഉണ്ടാവുന്നില്ല. ഇതിലെ സ്ത്രീ വിരുദ്ധത കണ്ടുപിടിക്കാനും ആരും വരുന്നില്ല.
അല്ലെങ്കിലും മമ്മൂട്ടി, മോഹൻലാൽ എന്ന മഹാനടന്മാരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിൽ ഇങ്ങനെയുള്ള പരാമർശങ്ങളും സംഭവങ്ങളും എല്ലാം ആരറിയാൻ?
സ്ത്രീ വിരുദ്ധതയ്ക്കെതിരെയുള്ള പോരാട്ടം സെലക്ടീവ് ആണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ രണ്ട് ഡയലോഗുകളും ആരും ചർച്ച ചെയ്യുന്നില്ല എന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ഡയലോഗ് പറഞ്ഞത് മമ്മൂട്ടിയോ മോഹൻലാലോ അല്ല, അത് പാർവതി ആണെന്ന് പറയേണ്ടി വരും. ആ പാർവതിയാണ് സ്ത്രീകൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ടിരിക്കുന്ന ഡബ്ല്യുസിസിയുടെ തലപ്പത്തിരിക്കുന്നത് എന്നതും ഓർക്കേണ്ടത് തന്നെ.