സൗബിന്‍ ഷാഹിര്‍ നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'മച്ചാന്റെ മാലാഖ'. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസിന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
സാധാരണക്കാരനായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ആയി സൗബിന്‍ വേഷമിടുന്നു. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയാണ് നമിത അവതരിപ്പിക്കുന്ന ബിജിമോള്‍. ഭാര്യയുടെ അകമഴിഞ്ഞ സ്‌നേഹത്തോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവായാണ് സൗബിന്‍ എത്തുന്നത്. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ കുടുംബബന്ധങ്ങളുടെ കഥയാണ് പറയുന്നത്.ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, മനോജ് കെ.യു., വിനീത് തട്ടില്‍, അല്‍ഫി പഞ്ഞിക്കാരന്‍, സുദര്‍ശന്‍, ശ്രുതി ജയന്‍, ആര്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജക്‌സന്‍ ആന്റണിയുടേതാണ് കഥ.
ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ്.