Anweshippin Kandethum: മികച്ച അഭിപ്രായങ്ങള്‍ നേടിയിട്ടും അന്വേഷിപ്പിന്‍ കണ്ടെത്തും വാഷ്ഔട്ടിലേക്ക് ! ടൊവിനോ ചിത്രത്തിനു എന്ത് സംഭവിച്ചു?

രേണുക വേണു
ചൊവ്വ, 20 ഫെബ്രുവരി 2024 (12:20 IST)
Anweshippin Kandethum: റിലീസ് ദിനത്തില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിട്ടും ബോക്‌സ്ഓഫീസില്‍ വന്‍ വിജയമാകാതെ ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ടൊവിനോ ചിത്രം ഏഴ് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയത് വെറും 7.60 കോടിയാണ്. ഓവര്‍സീസ് കളക്ഷനായ 3.40 കോടി അടക്കം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 11 കോടിയായി.
 
ഈ ആഴ്ചയോടെ അന്വേഷിപ്പിന്‍ കണ്ടെത്തും കേരളത്തിലെ പ്രധാന സ്‌ക്രീനുകളില്‍ നിന്ന് നീക്കാന്‍ സാധ്യതയുണ്ട്. റൊമാന്റിക് കോമഡി ചിത്രം പ്രേമലു, ഹൊറര്‍ ത്രില്ലറായ ഭ്രമയുഗം എന്നിവയാണ് ടൊവിനോ ചിത്രത്തിനു തിരിച്ചടിയായത്. നസ്ലനും മമിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു എന്നിവ ഒന്നിച്ചാണ് റിലീസ് ചെയ്തത്. മമ്മൂട്ടി ചിത്രം ഭ്രമയുഗം ആകട്ടെ നാല് ദിവസം കൊണ്ട് 30 കോടി കടന്നു. ഈ രണ്ട് സിനിമകളുടെയും വിജയം ടൊവിനോ ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. 
 
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിന്‍ കണ്ടെത്തും സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ മികവുറ്റ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. ടൊവിനോ പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. രണ്ട് കുറ്റാന്വേഷണങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയും അഭിനേതാക്കളുടെ പ്രകടനങ്ങളും ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article