അജിത്തിനൊപ്പം കാണുമ്പോള്‍ പല തരത്തിലുള്ള സംസാരം ഉണ്ടായേക്കാം; മൂന്ന് മാസത്തിനു ശേഷം വിവാഹം കഴിഞ്ഞ കാര്യം വെളിപ്പെടുത്തി അഞ്ജലി നായര്‍, രണ്ടാം വിവാഹം മറച്ചുവയ്ക്കാനുള്ള കാരണം ഇതാണ്
നവംബറില്‍ വിവാഹിതയായിരുന്നെങ്കിലും വാര്‍ത്ത പുറത്തുവിടാതിരുന്നത് മകള്‍ക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയെന്ന് നടി അഞ്ജലി നായര്‍. സഹസംവിധായകനായ അജിത് രാജുവിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ, ഉല്‍സവമാക്കാനോ താത്പര്യമുണ്ടായിരുന്നില്ല. തങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ മറ്റൊരു രീതിയിലുള്ള സംസാരമുണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പങ്കിടാന്‍ തീരുമാനിച്ചത്. ഒന്നിച്ച് മുന്നോട്ട് പോകാനാകും എന്ന തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ച് വിവാഹിതരായതെന്നും അഞ്ജലി പറഞ്ഞു.
അഞ്ജലി നായരുടെ വിവാഹം കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിനു ശേഷമാണ് ഇക്കാര്യം ആരാധകര്‍ അറിയുന്നത്. നവംബര്‍ 21 നാണ് യഥാര്‍ഥത്തില്‍ വിവാഹം കഴിഞ്ഞത്. അജിത് രാജു സോഷ്യല്‍ മീഡിയയില്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതോടെയാണ് കാര്യം ആരാധകര്‍ അറിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്.
തെന്നിന്ത്യയില്‍ വിവിധ ഭാഷകളിലായി 125-ഓളം സിനിമകളില്‍ അഞ്ജലി അഭിനയിച്ചു. സംവിധായകന്‍ അനീഷ് ഉപാസനയെയാണ് അഞ്ജലി ആദ്യം വിവാഹം കഴിച്ചത്. 2011 ലായിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. 2016 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അജിത് രാജുവും ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയാണ് അഞ്ജലിയെ വിവാഹം കഴിച്ചത്.