സിനിമാ മേഖലകളിൽ ഇപ്പോൾ മീ ടൂവും സ്ഥിരം ചർച്ചാവിഷയമാണ്. ഓരോ ദിവസവും ഓരോ നടി അല്ലെങ്കിൽ നടൻ മീ ടൂ ആരോപണവുമായി രംഗത്തെത്തുകയാണ്. സംവിധായകരും നിർമ്മാതാക്കളും നടനും ഉൾപ്പെടെയുള്ളവർ ഇത്തരം ആരോപണങ്ങളിൽ കുടുങ്ങിക്കിടക്കുകയുമാണ്.
ഇപ്പോൾ മീ ടൂവുമായി രംഗത്തെത്തിയിരിക്കുന്നത് മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന അമലാ പോളാണ്. തമിഴ് സിനിമാ സംവിധായകൻ സൂസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ അനുഭവമാണ് അമല വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ സംവിധായകനെതിരെ ലീന മണിമേഖയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ലീനയുടെ ആരോപണം ശരിവച്ചുകൊണ്ടാണ് ഇപ്പോൾ അമല രംഗത്തെത്തിയിരിക്കുന്നത്. 'സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സൂസി. സൂസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാന്‍. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ, അശ്ലീലചുവയോടെയുള്ള സംസാരം, വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകൾ, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക. എന്നിങ്ങനെ മോശമായ കാര്യങ്ങൾ തിരുട്ടുപയലേ 2വില്‍ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളര്‍ന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയു'മെന്നാണ് അമലാ പോള്‍ പറയുന്നത്.
എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സൂസി ഗണേശനും ഭാര്യയും ഫോണില്‍ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ അയാളുടെ ഭാര്യ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം- അമല പോള്‍ പറഞ്ഞു.