വിക്രമിന്‍റെ സംവിധായകന്‍ എന്നെ കാറില്‍ കയറ്റി ലോക്ക് ചെയ്തു, മൊബൈല്‍ ഓഫ് ചെയ്ത് വലിച്ചെറിഞ്ഞു, കൂടെ വരണമെന്ന് വിരട്ടി; എഴുത്തുകാരിയുടെ തുറന്നുപറച്ചിലില്‍ ഞെട്ടി സിനിമാലോകം!

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (17:20 IST)
വിക്രം നായകനായ കന്തസാമി, തിരുട്ടുപയലേ, തിരുട്ടുപയലേ 2 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ സുശി ഗണേശനെതിരെ കടുത്ത ആരോപണങ്ങളുമായി എഴുത്തുകാരിയും ഷോര്‍ട്ട് ഫിലിം സംവിധായികയുമായ ലീന മണിമേഖല. സുശി ഗണേശന്‍ തന്നെ കാറില്‍ കയറ്റിക്കൊണ്ട് അയാളുടെ താമസസ്ഥലത്തേക്ക് പോകാനൊരുങ്ങിയെന്നും കടുത്ത ചെറുത്തുനില്‍പ്പിനൊടുവിലാണ് മോചിപ്പിച്ചതെന്നും വ്യക്തമാക്കി ലീന എത്തിയതോടെ തമിഴ് സിനിമാലോകം ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് ലീന മണിമേഖല തുറന്നുപറയുന്നത്. ലീന അന്ന് ടെലിവിഷന്‍ ആങ്കറായി ജോലിയില്‍ പ്രവേശിച്ച സമയം. യുവസംവിധായകനായ സുശി ഗണേശനെ ഇന്‍റര്‍വ്യൂ ചെയ്ത ശേഷം രാത്രിയില്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഓട്ടോ കാത്ത് നില്‍ക്കുകയായിരുന്നു. ഒമ്പതുമണി കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ സംവിധായകന്‍ കാറില്‍ ആ വഴി വന്നു. ‘വടപഴനിയിലല്ലേ വീട്, അവിടേക്ക് വിടാം എന്ന് പറഞ്ഞു. സംവിധായകനെ വിശ്വസിച്ച് കാറില്‍ കയറി.
 
എന്നാല്‍ പെട്ടെന്ന് കാറിന്‍റെ സെന്‍റര്‍ ലോക്ക് സംവിധാനം പ്രവര്‍ത്തിച്ചു. എല്ലാ ഡോറുകളും ലോക്കായി. സംവിധായകന്‍റെ സ്വഭാവവും മാറി. അയാള്‍ എന്‍റെ മടിയില്‍ നിന്ന് മൊബൈല്‍ കടന്നെടുത്ത് സ്വിച്ച് ഓഫ് ചെയ്ത് കാറിനുള്ളില്‍ എവിടേക്കോ വലിച്ചെറിഞ്ഞു. അയാളുടെ അപ്പാര്‍ട്ടുമെന്‍റിലേക്ക് വരണമെന്ന് പറഞ്ഞ് വിരട്ടി. കാര്‍ ഓടിക്കൊണ്ടിരുന്നു. 
 
പകച്ചുപോയ ഞാന്‍, കാര്‍ നിര്‍ത്തണമെന്നും എന്നെ ഇറക്കിവിടണമെന്നും കെഞ്ചിപ്പറഞ്ഞു. എന്നാല്‍ അയാള്‍ കേട്ടില്ല. ഡോര്‍ തല്ലിപ്പൊളിക്കുമെന്നും ഉച്ചത്തില്‍ അലറി ബഹളം വയ്ക്കുമെന്നും പറഞ്ഞു. അയാള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുകൊണ്ടിരുന്നു. അക്കാലത്ത് ഞാന്‍ എന്‍റെ ബാഗില്‍ പതിവായി ഒരു ചെറിയ കത്തി കൊണ്ടുനടക്കുമായിരുന്നു. അന്ന് അത് എനിക്ക് രക്ഷയായി. ഞാന്‍ കത്തികാണിച്ചിട്ട് വണ്ടി എന്‍റെ വീടിനരികില്‍ നിര്‍ത്തി എന്നെ ഇറക്കാന്‍ പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്തു. കത്തികാണിച്ചുതന്നെ മൊബൈലും പിടിച്ചുവാങ്ങി.
 
ഇന്ന് അവകാശങ്ങള്‍ക്ക് വേണ്ടി ഇത്രയധികം ശബ്ദമുയര്‍ത്തുന്ന എനിക്ക് അന്ന് ഇതൊന്നും ആരോടും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല - ലീന മണിമേഖല പറയുന്നു.
 
എന്തായാലും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സുശി ഗണേശനെതിരായ ആരോപണങ്ങള്‍ ഇന്‍ഡസ്ട്രിയെ തന്നെ പിടിച്ചുലയ്ക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍