‘താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക്? ഫോണിൽ വിളിച്ചിട്ടും നിലപാട് മാറ്റിയില്ല’ -മമ്മൂട്ടിക്കെതിരെ അൽഫോൺസ് കണ്ണന്താനം

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (12:27 IST)
പ്രചരണങ്ങൾക്കൊടുവിൽ കേരളത്തിലെ ജനങ്ങൾ ഇന്നലെ ജനവിധിയെഴുതി കഴിഞ്ഞു. താരങ്ങളിൽ ചിലരുടെ വോട്ടിംഗ് ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ, എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരിക്കുന്നു. 
 
പി രാജീവും ഹൈബി ഈഡനും തനിക്ക് വേണ്ടപ്പെട്ടവർ ആണെന്നും പക്ഷേ ഒരു വോട്ടല്ലേ തനിക്കുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു. 

മമ്മൂട്ടിയുടെ പ്രസ്താവനയിൽ വേദന അറിയിച്ച് അദ്ദേഹത്തെ പിന്നീട് ബന്ധപ്പെട്ടുവെങ്കിലും നിലപാടിൽ തന്നെ താരം ഉറച്ചു നിൽക്കുകയായിരുന്നുവെന്നും ന്യൂസ്18 നോട് സംസാരിക്കവേ കണ്ണന്താനം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്റെ മകൻ മമ്മൂട്ടിയെ കണ്ട് സംസാരിച്ചിരുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞത്.' എന്നായിരുന്നു കണ്ണന്താനത്തിന്റെ വാക്കുകൾ.
 
‘മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിൽ’- അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
 
അതേസമയം, മോഹൻലാലിനേയും മമ്മൂട്ടിയേയും തെറ്റിപ്പിച്ച് ഹിന്ദു മുസ്ലീം എന്ന രീതിയിൽ മാറ്റാനാണ് കണ്ണന്താനം അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും വർഗീയതയാണ് ഇതിനു പിന്നിലെന്നും സോഷ്യൽ മീഡിയകളിൽ പ്രതിഷേധമുയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article