കന്നി വോട്ട് ചെയ്ത് മോഹൻലാലും ടൊവിനോയും? ഇപ്പോഴാണല്ലേ പ്രായപൂർത്തിയായത്? - താരങ്ങളെ പരിഹസിച്ച് സെബാസ്റ്റ്യൻ പോൾ

ചൊവ്വ, 23 ഏപ്രില്‍ 2019 (14:34 IST)
ചലച്ചിത്ര താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മടിക്കുന്നതിനെതിരെ മുൻ പാർലമെന്റ് അംഗവും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യൻ പോൾ. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നുവെന്ന് അദ്ദേഹം കുറിച്ചു. മോഹൻലാലിനും ടൊവിനോ തോമസിനും ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് ഇപ്പോഴാണോയെന്നും അദ്ദേഹം ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു. ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം. ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍