'കുഞ്ഞിക്കിളിയേ കൂടെവിടേ..' മോഹന്‍ലാലിനൊപ്പം ജനപ്രിയ ഗാനത്തില്‍ അഭിനയിച്ച് മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ നടി, ഒപ്പം അഭിനയിച്ച നടനെ ജീവിത പങ്കാളിയാക്കി; ഈ താരത്തെ ഓര്‍മയില്ലേ?

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (12:45 IST)
മലയാളത്തിലെ പഴയകാല നടിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു നടിയാണ് ശ്രീജ. മോഹന്‍ലാലിനൊപ്പം 'കുഞ്ഞിക്കിളിയേ കൂടെവിടേ' എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലാണ് ശ്രീജയെ മലയാളികള്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും ശ്രീജയെ മലയാളികള്‍ മറന്നിട്ടില്ല. ബാലതാരമായാണ് ശ്രീജ സിനിമയിലെത്തിയത്. തിരുവനന്തപുരം സ്വദേശിനിയാണ്. 
 
നാടക അഭിനേതാക്കളായ ശ്രീധരന്റേയും ഉഷയുടേയും മകളാണ് ശ്രീജ. ചെറുപ്പം മുതലേ അഭിനയത്തോട് ശ്രീജയ്ക്ക് താല്‍പര്യമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അമ്മയ്‌ക്കൊപ്പം ഏതാനും നാടകങ്ങളിലും ശ്രീജ അഭിനയിച്ചു. 1982 ല്‍ പുറത്തിറങ്ങിയ നിധി എന്ന സിനിമയില്‍ ബാലതാരമായാണ് ശ്രീജ അഭിനയലോകത്തേക്ക് എത്തിയത്. മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'കനകച്ചിലങ്ക' എന്ന നോവലിലെ നായികയുടെ ചിത്രങ്ങള്‍ ശ്രീജയുടേതാണ്. നിരവധി ടിവി പ്രോഗ്രാമുകളിലും ശ്രീജ അവതാരകയായിട്ടുണ്ട്. വിഖ്യാത എഴുത്തുകാരനും സംവിധായകനുമായ പത്മരാജനെ ശ്രീജ ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ജയറാം, സിദ്ധിഖ്, മുകേഷ് തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ശ്രീജ അഭിനയിച്ചു. സെവന്തി എന്ന സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ച സന്താന പാണ്ട്യനെയാണ് ശ്രീജ വിവാഹം കഴിച്ചത്. കുടുംബത്തോടൊപ്പം ഇപ്പോള്‍ ചെന്നൈയിലാണ് താരം താമസിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍