എമ്പുരാൻ സിനിമയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ കാമ്പില്ലെന്ന് വ്യക്തമാക്കി നടി ഷീല. ചിത്രത്തിൽ കാണിക്കുന്നത് നടന്ന കാര്യങ്ങൾ തന്നെയല്ലേ എന്നും ഷീല ചോദിക്കുന്നു. എമ്പുരാൻ നല്ല സിനിമയാണെന്നും നടന്ന കാര്യങ്ങൾ ആണ് സിനിമയിൽ ഉള്ളതെന്നും ഷീല അഭിപ്രായപ്പെട്ടു. സിനിമയ്ക്ക് ഫ്രീയായി പബ്ലിസിറ്റി ലഭിക്കുകയാണെന്നും ഷീല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എമ്പുരാൻ നല്ല സിനിമയാണ്. നടന്ന കാര്യങ്ങളാണ് സിനിമയിൽ ഉള്ളത്. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു. മാങ്ങയുള്ള മരത്തിലെ കല്ലെറിയൂ. വേറെ ഒരു ചിന്തയുമില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. നാല് വർഷത്തോളം കഷ്ടപ്പെട്ടാണ് അദ്ദേഹം ആ സിനിമ സംവിധാനം ചെയ്തത്. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണ് എന്നാണ് ഷീല പറയുന്നത്.
അതേസമയം, വിവാദങ്ങളെ തുടർന്ന് 24 കട്ടുകളോടെ സിനിമയുടെ റീ എഡിറ്റ് ചെയ്ത വേർഷൻ തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. റിലീസിന്റെ അന്ന് തന്നെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും വലിയ എതിർപ്പും സൈബർ അറ്റാക്കും ഉണ്ടായതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ തയ്യാറായത്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.