Empuraan Controversy: കേരള സ്റ്റോറിക്ക് ഇല്ലാത്ത എന്ത് സെൻസർ കട്ടാണ് എമ്പുരാന്?: ചോദ്യവുമായി മന്ത്രി വി ശിവൻകുട്ടി

നിഹാരിക കെ.എസ്

ഞായര്‍, 30 മാര്‍ച്ച് 2025 (09:18 IST)
ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഇല്ലാത്ത എന്ത് സെന്‍സര്‍ ബോര്‍ഡ് കട്ടാണ് പൃഥ്വിരാജിന്റെ എമ്പുരാന് ഉള്ളതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചു.
 
സിനിമയിലെ അഭിനേതാക്കൾക്കും, സിനിമ പ്രവർത്തകർക്കും എതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിർക്കപ്പെടേണ്ടതാണ്, മന്ത്രി ചൂണ്ടി കാട്ടി.
 
അതേസമയം, വ്യാപക പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ‘എമ്പുരാന്‍’ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായിട്ടുണ്ട്.  ചിത്രത്തില്‍ മാറ്റാം വരുത്താന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തിയാവുക. ചില രംഗങ്ങള്‍ മാറ്റും. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും. 17 ഭാഗങ്ങളില്‍ മാറ്റം വരുത്തും. ബജ്രംഗി എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍