ജോഷിയില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല, മമ്മൂട്ടി ഞെട്ടിച്ചു; തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് ഷോക്കായി !

ജോക്കുട്ടന്‍ ഫിലിപ്പ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (17:33 IST)
ആക്ഷന്‍ ത്രില്ലറുകള്‍ ജോഷി എന്ന സംവിധായകന്‍റെ ജോണറാണ്. അതില്‍ നിന്ന് മാറി വല്ലപ്പോഴുമേ ജോഷി സിനിമ ചെയ്യാറുള്ളൂ. അത്തരത്തിലൊന്നായിരുന്നു ‘കുട്ടേട്ടന്‍’. ജോഷിയില്‍ നിന്ന് അക്കാലത്ത് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത സിനിമ.
 
ലോഹിതദാസ് ആയിരുന്നു തിരക്കഥാകൃത്ത് എന്നതും ആ സിനിമയുടെ ജോണറിന്‍റെ കൌതുകം വര്‍ദ്ധിപ്പിച്ചു. വളരെ ഇന്‍റെന്‍സ് ആയ സിനിമകളായിരുന്നു ലോഹി എഴുതാറുണ്ടായിരുന്നത്. ആ സമയത്ത് ‘കുട്ടേട്ടന്‍’ പോലെ ഒരു കോമഡിച്ചിത്രം ജോഷി - ലോഹിതദാസ് - മമ്മൂട്ടി ടീമില്‍ നിന്ന് ആരും പ്രതീക്ഷിച്ചില്ല. 
 
അതിനുമുമ്പ് ഇതേ ടീമില്‍ നിന്ന് ‘മഹായാനം’ എന്ന ആക്ഷന്‍ ഡ്രാമയായിരുന്നു മലയാളത്തിന് ലഭിച്ചത്. വഴിമാറിയൊരു സിനിമയാകാം എന്നത് ലോഹിതദാസിന്‍റെ ആശയമായിരുന്നു. അതിന് കാരണമായത്, പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ കാമുകഭാവവുമായി പതിവായി പ്രത്യക്ഷപ്പെടുന്ന ഒരു സുഹൃത്ത് ലോഹിതദാസിനുണ്ടായിരുന്നു. പെണ്‍കുട്ടികളെ വശത്താക്കാനും അവരെക്കൊണ്ട് കറങ്ങിനടക്കാനും പ്രത്യേക വിരുതുണ്ടായിരുന്നു അയാള്‍ക്ക്. ആ സുഹൃത്തിന്‍റെ സ്വഭാവസവിശേഷതകളെക്കുറിച്ച് ജോഷിയോടും മമ്മൂട്ടിയോടും ലോഹി പറയുകയായിരുന്നു. അയാളില്‍ നിന്ന് ഒരു കഥയുണ്ടാക്കാമെന്ന് ലോഹി പറഞ്ഞപ്പോള്‍ ജോഷിക്കും മമ്മൂട്ടിക്കും സമ്മതം.
 
മനോഹരമായ സിനിമയായിരുന്നു കുട്ടേട്ടന്‍. വിഷ്ണു എന്ന നായക കഥാപാത്രത്തെ മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചു. പടം ഹിറ്റായിരുന്നു എങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതിന് കാരണം, പ്രേക്ഷകര്‍ പ്രതീക്ഷിച്ചതല്ല തിയേറ്ററില്‍ നിന്ന് കിട്ടിയത് എന്നതായിരുന്നു. ജോഷി - മമ്മൂട്ടി - ലോഹിതദാസ് ടീമില്‍ നിന്ന് ഒരു ആക്ഷന്‍ ഇമോഷണന്‍ ഡ്രാമ പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയവര്‍ കുട്ടേട്ടന്‍ എന്ന റൊമാന്‍റിക് കോമഡി കണ്ടപ്പോള്‍ ഷോക്കായി. എങ്കിലും നിര്‍മ്മാണക്കമ്പനിയായ തോംസണ്‍ ഫിലിംസിന് ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു കുട്ടേട്ടന്‍. മമ്മൂട്ടിയുടെ ഒരു മികച്ച എന്‍റര്‍ടെയ്‌നറായി കുട്ടേട്ടന്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article