തമിഴ് റോക്കേഴ്‌സിനെ സഹായിച്ചോ ?, ഏഴ് കോടിയുടെ തട്ടിപ്പ് സത്യമോ ?; തിരിച്ചടിച്ച് വിശാല്‍ രംഗത്ത്

Webdunia
ശനി, 19 മെയ് 2018 (13:11 IST)
കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി നടന്‍ വിശാല്‍ രംഗത്ത്. തമിഴ്‌ റോക്കേഴ്‌സിനെ സഹായിക്കുന്നത് വിശാല്‍ ആണെന്നും 7 കോടിയുടെ തട്ടിപ്പ് നടത്തിയെന്നുമുള്ള നടന്‍ ടി രാജേന്ദ്രന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് അദ്ദേഹം പരസ്യമായി രംഗത്തു വന്നത്.

തമിഴ് റോക്കേഴ്‌സ് പോലുള്ള സിനിമയുടെ വ്യാജ പതിപ്പിറക്കുന്ന സൈറ്റുകളുമായി തനിക്ക് ബന്ധമുണ്ടെങ്കില്‍ അത് തെളിയിക്കണം. അടിസ്ഥാനമില്ലാത്ത ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പരസ്യമായി പറയുന്നതിലും ഭേദം കൗണ്‍സിലില്‍ പറയുന്നതാണ്. എന്ത് തെളിവുകളുടെ പേരിലാണ് ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വിശാല്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് വിശാലിനെതിരെ സംവിധായകനും നടനുമായ ഭാരതിരാജയും ടി രാജേന്ദ്രനും പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത് വിമര്‍ശനം ഉന്നയിച്ചത്. തമിഴ് റോക്കേഴ്‌സുമായി വിശാലിന് ബന്ധമുണ്ടെന്നും ഇവരെ പിടികൂടാനോ നിയമത്തിനു മുന്നില്‍ എത്തിക്കാനോ വിശാലിന് സാധിച്ചില്ല. നടികര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.

വിശാല്‍ ഏഴ് കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് രാജേന്ദ്രനാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article