മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ദുരന്തങ്ങളില്‍ ഒന്നാണ് അടുത്തകാലത്ത് പ്രദര്‍ശനത്തിനെത്തിയ ‘വൈറ്റ്’. ഉദയ് അനന്തന് സംവിധാനം ചെയ്ത ഈ പ്രണയചിത്രം ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ നേടേണ്ട മിനിമം ഇനിഷ്യല്‍ കളക്ഷന്‍ നേടിയില്ല എന്നതുപോകട്ടെ, ഒരു പുതുമുഖത്തിന്റെ സിനിമയ്ക്ക് ലഭിക്കുന്ന ശ്രദ്ധ പോലും ജനങ്ങള്‍ നല്‍കിയതുമില്ല.
ആദ്യ ദിനത്തില്‍ തന്നെ സിനിമ വളരെ മോശമാണെന്ന അഭിപ്രായം പരന്നത് വൈറ്റിന്റെ ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. പിന്നീട് ഈ സിനിമ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരു ടെന്‍ഡന്‍സിയും കാണിച്ചില്ല.
ഏഴുദിവസം കൊണ്ട് ഈ സിനിമ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ വെറും 1.15 കോടി രൂപയാണ്. വൈറ്റിന് തൊട്ടുമുമ്പ് പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടിച്ചിത്രം കസബ ആദ്യദിനം നേടിയത് 2.48 കോടി രൂപയായിരുന്നു എന്നോര്‍ക്കണം!
95 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ വൈറ്റ് ഏഴ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 80 ശതമാനം തിയേറ്ററുകളില്‍ നിന്നും മാറിക്കഴിഞ്ഞു. ബോളിവുഡ് സുന്ദരി ഹ്യുമ ഖുറേഷി നായികയായ ഈ സിനിമ നിര്‍മ്മിച്ചത് ഇറോസ് ഇന്റര്‍നാഷണലായിരുന്നു.