‘ജയ്‌ഹോ’യുടെ ഭാഗ്യം, റഹ്‌മാന്‍റെയും

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (20:05 IST)
PROPRO
എ ആര്‍ റഹ്‌മാന് ഓസ്കര്‍ പുരസ്കാരം നേടിക്കോടുത്ത സ്ലംഡോഗ്‌ മില്യണയറിലെ 'ജയ്‌ ഹോ’ എന്ന ഗാനം ഒരു പക്ഷേ, ഏതെങ്കിലും ഒരു ഹിന്ദി ചിത്രത്തിലായിരുന്നു വന്നിരുന്നതെങ്കില്‍ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമായിരുന്നോ എന്ന സംശയം ന്യായമാണ്.

കാരണം റഹ്‌മാന്‍റതായി ഇതിലും മികച്ച എത്രയോ ഗാനങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്. അപ്പോള്‍ ജയ്ഹോയ്ക്ക് ഓസ്കര്‍ പോയിട്ട്, മികച്ച ഗാനത്തിനോ സംഗീത സംവിധായകനോ ഉള്ള ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് പോലും പ്രതീക്ഷിക്കേണ്ടി വരുമായിരുന്നില്ല.

എന്നാല്‍ അങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ അകാലമൃത്യു വരിക്കാനായിരുന്നില്ല ‘ജയ്‌ഹോ‘യുടെ വിധി. അല്ലെങ്കില്‍ 'യുവരാജ്’ എന്ന ഹിന്ദിചിത്രത്തിനു വേണ്ടി ഒരുക്കിയ ഈ റഹ്‌മാന്‍ ഗാനത്തെ സംവിധായകന്‍ സുഭാഷ് ഘായ് തള്ളിക്കളയുമായിരുന്നൊ?.

സുഭാഷ്‌ ഘായിയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും കത്രീന കൈഫും മുഖ്യ വേഷത്തില്‍ അഭിനയിച്ച 'യുവരാജി’നായി ഒരു റീമിക്സ്‌ അടക്കം 10 ഗാനങ്ങളായിരുന്നു റഹ്‌മാന്‍ ചിട്ടപ്പെടുത്തിയത്‌. ഇതില്‍ സംവിധായകന്‍ ഒഴിവാക്കിയ 'ജയ്‌ ഹോ’, റഹ്‌മാന്‍ സ്ലംഡോഗ്‌ മില്യണയറിനു വേണ്ടി ഡാനി ബോയ്‌ലിന്‍റെ അനുവാദത്തോടെ ഉപയോഗിക്കുകയായിരുന്നു.

ബോയ്‌ലിന്‍റെ തന്നെ നിര്‍ദേശപ്രകാരം ഏതാനും സംഗീതോപകരണങ്ങള്‍ ഒഴിവാക്കി വീണ്ടും റെക്കോര്‍ഡ്‌ ചെയ്‌തു. ഗുല്‍സാര്‍ തന്നെയാണ്‌ ഇരുചിത്രങ്ങളുടെയും ഗാനരചന നിര്‍വഹിച്ചത്‌. സുഖ്‌വീന്ദര്‍ സിങ്‌, തന്‍വി ഷാ, മഹാലക്ഷ്മി അയ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ഗാനവും ആലപിച്ചിരുന്നത്‌.