‘ക്രിഷ് 3’ വരുന്നത് നവംബര്‍ നാലിന്, ചെന്നൈ എക്സ്പ്രസിനൊപ്പം ട്രെയിലര്‍!

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (13:42 IST)
PRO
‘ക്രിഷ്’ മൂന്നാം ഭാഗം നവംബര്‍ നാലിന് റിലീസ് ചെയ്യും. ഹൃത്വിക് റോഷന്‍ നായകനാകുന്ന ഈ ഹിന്ദിച്ചിത്രം ദീപാവലി ദിവസമായ നവംബര്‍ മൂന്നിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീപാവലി ദിവസം വൈകുന്നേരം ലക്ഷ്മി പൂജയ്ക്കായി ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തുപോകില്ല എന്ന നിഗമനത്തില്‍ റിലീസ് ഒരു ദിവസം വൈകിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

രാകേഷ് റോഷന്‍ സംവിധാനം ചെയ്യുന്ന ക്രിഷ് 3യുടെ ആദ്യ ട്രെയിലര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ചെന്നൈ എക്സ്പ്രസ്’ എന്ന സിനിമയ്ക്കൊപ്പം പുറത്തിറങ്ങും. ഓഗസ്റ്റ് എട്ടിനാണ് ചെന്നൈ എക്സ്പ്രസ് റിലീസാകുന്നത്.

ക്രിഷ് 3 ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന്‍റെ 3ഡി പതിപ്പും നവംബര്‍ നാലിന് റിലീസാകുന്നുണ്ട്. പ്രിയങ്ക ചോപ്ര, കങ്കണ റനൌത്, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ ക്രിഷ് 3യുടെ ഭാഗമാണ്. രാജേഷ് റോഷനാണ് ചിത്രത്തിന്‍റെ സംഗീതം.

കോയി മില്‍ ഗയാ, ക്രിഷ് എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് ക്രിഷ് 3.