ശ്രീശാന്ത് പറയുന്നു - “എന്നെ വെറുതെ വിടൂ”

Webdunia
ബുധന്‍, 6 മെയ് 2009 (11:37 IST)
PROPRO
ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം ശ്രീശാന്ത് അസ്വസ്ഥനാണ്. സിനിമാ - മോഡലിംഗ് രംഗത്തെ പല സുന്ദരികളുമായും തന്‍റെ പേര് ചേര്‍ത്ത് കഥകള്‍ പ്രചരിക്കുന്നതാണ് ക്ഷോഭിക്കുന്ന യുവതാരത്തെ കൂടുതല്‍ കോപാകുലനാക്കുന്നത്. അവസാനമായി ഡെയ്സി ബൊപ്പണ്ണ എന്ന മോഡലുമായി ചേര്‍ത്താണ് ശ്രീശാന്തിന്‍റെ പേര് ഗോസിപ് കോളങ്ങളില്‍ നിറഞ്ഞത്.

“മാധ്യമങ്ങളില്‍ എന്നെ സംബന്ധിച്ച പുതിയ ഗോസിപ് വന്നതോടെ വീട്ടുകാരോടും സുഹൃത്തുക്കളോടും മറുപടി പറഞ്ഞ് ഞാന്‍ മടുത്തു. എല്ലാവരോടും ഞാന്‍ പറയുന്നത് ഒരു കാര്യമേയുള്ളൂ. എനിക്ക് ആകെ ഒരു ഗേള്‍ഫ്രണ്ട് ആണുള്ളത്. അത് ക്രിക്കറ്റാണ്” - ശ്രീശാന്ത് പറയുന്നു.

ഡെയ്സി ബൊപ്പണ്ണ എന്ന മോഡലിനെയും ശ്രീശാന്തിനെയും ചേര്‍ത്ത് ചൂടുള്ള കഥകളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. തന്നെ ശ്രീശാന്ത് പ്രൊപ്പോസ് ചെയ്തെന്നും തന്‍റെ ഒരു മറുപടിക്കായി ശ്രീ കാത്തിരിക്കുകയാണെന്നുമാണ് ഡെയ്സി പറഞ്ഞത്. ഇതോടെ സത്യാവസ്ഥയറിയാന്‍ ശ്രീശാന്തിന്‍റെ ഫോണിലേക്ക് കോള്‍ പ്രവാഹമായിരുന്നു.

“ഒരു പരസ്യത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രണ്ടു മണിക്കൂര്‍ സമയത്തെ പരിചയം മാത്രമാണ് ഡെയ്സി ബൊപ്പണ്ണയുമായുള്ളത്. ആദ്യമായും അവസാനമായും ഞാന്‍ ഡെയ്സിയെ കണ്ടത് അന്നാണ്. അതിനു ശേഷം അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്തിന്, അവരുടെ ഫോണ്‍ നമ്പര്‍ പോലും എന്‍റെ കൈയിലില്ല. ഡെയ്സിയോട് എനിക്കു പറയാനുള്ളത്, ദയവു ചെയ്ത് എന്നെ വെറുതെ വിടൂ എന്നാണ്” - ശ്രീശാന്ത് പറയുന്നു.

സിനിമാതാരങ്ങളുമായും മോഡലുകളുമായും ശ്രീശാന്തിനുള്ള സൌഹൃദങ്ങള്‍ പലപ്പോഴും ഗോസിപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷ്മി റായ്, പ്രിയങ്ക ചോപ്ര തുടങ്ങിയവരുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നുള്ള ഗോസിപ്പുകള്‍ ഒന്നടങ്ങിയപ്പോഴാണ് ഡെയ്സി ബൊപ്പണ്ണ വിവാദം ഉയര്‍ന്നിരിക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്ക് താന്‍ വിവാഹത്തെപ്പറ്റി ആലോചിക്കുന്നതേ ഇല്ലെന്നാണ് ശ്രീശാന്ത് പറയുന്നത്.