ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആദ്യമായി വിക്രമിന്‍റെ നായികയാകുകയാണ്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘മര്‍മ്മ മനിതന്‍’ എന്ന ചിത്രത്തിലാണ് വിക്രമിന്‍റെ നായികയായി നയന്‍സ് എത്തുന്നത്. നേരത്തേ കാജല്‍ അഗര്‍വാളിനെയാണ് ഈ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ മാറുകയും ഷിബു തമീന്‍സ് നിര്‍മ്മാതാവായി വരുകയും ചെയ്തതോടെയാണ് നയന്‍താരയെ ഈ പ്രൊജക്ടിലേക്ക് ക്ഷണിക്കുന്നത്.
കഥ കേട്ട നയന്‍താര സമ്മതം മൂളിയതോടെ വിക്രം - നയന്‍സ് ജോഡി സ്ക്രീനില്‍ ആദ്യമായി സംഭവിക്കുമെന്ന് ഉറപ്പായി. നയന്‍താര നായികയായെത്തുന്നതോടെ പ്രൊജക്ടും കുറച്ചുകൂടെ വലുതാകുകയാണ്. അരിമനമ്പി എന്ന ഹിറ്റ് ത്രില്ലര്‍ ഒരുക്കിയ ആനന്ദ് ശങ്കര്‍ വമ്പന്‍ ബജറ്റിലാണ് മര്‍മ്മ മനിതന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.
രജനികാന്ത്, അജിത്, വിജയ്, സൂര്യ, ധനുഷ്, ചിമ്പു, ശരത്കുമാര്‍, ആര്യ, വിശാല്‍, ജീവ, ജയം രവി, വിജയ് സേതുപതി തുടങ്ങി തമിഴ് സിനിമയിലെ പ്രധാന താരങ്ങളുടെയെല്ലാം നായികയായിട്ടുണ്ട് നയന്‍താര. യുവനടന്‍ കാര്‍ത്തിയുടെ നായികയായി കാഷ്മോര എന്നൊരു ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു ചോദ്യം അവശേഷിക്കുന്നു. നയന്‍സ് എന്ന് കമല്‍ഹാസന്‍റെ നായികയാവും?
ഇതുവരെ കമല്‍ഹാസന്‍റെ നായികയായി നയന്‍താര അഭിനയിച്ചിട്ടില്ല. ഉലകനായകന്‍റെ നായികയാകാന്‍ നയന്‍സിന് അതിയായ ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അത് സാധിച്ചിട്ടില്ല. ഉടന്‍തന്നെ കമല്‍ - നയന്‍സ് പടം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് നയന്‍സ് ആരാധകര്‍.