മീരാ ജാസ്മിന്‍ നായികയായ ഹിറ്റ് തമിഴ് ചിത്രമായിരുന്നു സണ്ടക്കോഴി. 2005 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ മലയാളത്തിലെ സംവിധായകനും നടനുമായ ലാല്‍ വില്ലനായിരുന്നു. വിശാലായിരുന്നു നായകന്‍. ലിംഗുസാമി സംവിധാനം ചെയ്ത പടം ഗംഭീര ഹിറ്റായി. അപ്പോള്‍ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകണമെന്ന ആവശ്യം വിശാലിന്‍റെ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
സണ്ടക്കോഴിക്ക് രണ്ടാം ഭാഗം വരുന്നതായി ലിംഗുസാമി തന്നെ അറിയിച്ചു. ‘അഞ്ചാന്‍’ എന്ന ചിത്രത്തിന് ശേഷം താന്‍ സണ്ടക്കോഴി 2ന്‍റെ ജോലികളിലേക്ക് കടക്കുകയാണെന്നും ലിംഗു അറിയിക്കുകയുണ്ടായി. വിശാല്‍ തന്നെയാണ് സണ്ടക്കോഴി 2 നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ലിംഗുസാമിക്ക് വിശാല്‍ അഡ്വാന്‍സ് നല്‍കി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കുള്ള പണവും വിശാല്‍ നല്‍കിക്കൊണ്ടിരുന്നു.
എന്നാല്‍, സണ്ടക്കോഴി 2 യാഥാര്‍ത്ഥ്യമായില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രം ഉപേക്ഷിച്ചു എന്നാണ്. ലിംഗുസാമിയാകട്ടെ അല്ലു അര്‍ജ്ജുനെ നായകനാക്കി തന്‍റെ അടുത്ത ചിത്രത്തിന്‍റെ ജോലിയിലേക്ക് കടക്കുകയും ചെയ്തു. സണ്ടക്കോഴി 2നായി പണം മുടക്കുകയും കാത്തിരിക്കുകയും ചെയ്ത തന്നോട് പടം ഉപേക്ഷിച്ച കാര്യം അറിയിക്കാന്‍ ലിംഗുസാമി തയ്യാറായില്ലെന്നാണ് വിശാല്‍ പറയുന്നത്. എന്തായാലും വെറുതെയിരിക്കാന്‍ വിശാല്‍ തയ്യാറായില്ല. നടികര്‍ സംഘം തലവന്‍ കൂടിയായ വിശാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ലിംഗുസാമിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്.
14 മാസം താന്‍ സണ്ടക്കോഴി 2നായി കാത്തിരുന്നു എന്നും തനിക്ക് സമയനഷ്ടവും സാമ്പത്തികനഷ്ടവുമുണ്ടായി എന്നുമാണ് വിശാലിന്‍റെ പരാതി. എന്തായാലും ഈ വിഷയത്തേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ലിംഗുസാമി.