ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രത്തിന് സംഭവിച്ചതെന്ത്?

നിലീന ഫ്രാനി
വ്യാഴം, 10 നവം‌ബര്‍ 2016 (17:41 IST)
ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷകളോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. എന്നാല്‍ പുതിയ വിവരം, ചിത്രം ഉടനെ നടക്കാന്‍ സാധ്യതയില്ല എന്നാണ്. ചിത്രം എന്ന് പുറത്തിറക്കാനാകുമെന്ന് ആരും വ്യക്തമാക്കുന്നില്ല. മോഹന്‍ലാലും ലാല്‍ ജോസും എഴുത്തുകാരന്‍ ബെന്നി പി നായരമ്പലവും വലിയ തിരക്കിലാണ്. അതുകൊണ്ടുതന്നെ ഉടനൊന്നും ഈ പ്രൊജക്ട് സംഭവിക്കാന്‍ സാധ്യതയില്ല.
 
പുലിമുരുകന്‍ മഹാവിജയമായതോടെ മോഹന്‍ലാലിന് തിരക്കോടുതിരക്കാണ്. മലയാളത്തിലും തെലുങ്കിലുമായി ഒട്ടേറെ പ്രൊജക്ടുകളുടെ ആലോചനകള്‍ നടക്കുന്നു. മേജര്‍ രവി ചിത്രം കഴിഞ്ഞാല്‍ പൃഥ്വിരാജിന്‍റെ ലൂസിഫര്‍ ഉള്‍പ്പാടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് മോഹന്‍ലാല്‍ കടക്കും.
 
ലാല്‍ ജോസാകട്ടെ ‘ഒരു ഭയങ്കര കാമുകന്‍’ എന്ന ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രത്തിന്‍റെ തിരക്കില്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയെഴുതുന്ന ആലോചനയിലാണ് ബെന്നി പി നായരമ്പലം. പക്ഷേ അത് ലാല്‍ ജോസിനുവേണ്ടിയല്ല, ഷാജി കൈലാസിന് വേണ്ടിയാണ്. 
 
ദുല്‍ക്കര്‍ ചിത്രം കഴിഞ്ഞാലുടനെ ഒരു മമ്മൂട്ടിച്ചിത്രവും ലാല്‍ ജോസ് ആലോചിക്കുന്നുണ്ടത്രേ. ശ്രീനിവാസന്‍ അതിന് തിരക്കഥയെഴുതുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
എന്തായാലും 2017ലും മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരു സിനിമ സംഭവിക്കുമോ എന്ന് സംശയമാണ്.
Next Article