ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടവയില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു എസ് എസ് രാജമൌലിയുടെ ബാഹുബലി. ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇപ്പോള്‍ ‘2.0’യില്‍ ഷങ്കര്‍ ശ്രമിക്കുന്നുണ്ട്. അതെന്തുമാകട്ടെ, മലയാളത്തിന്‍റെ ബാഹുബലി ആകാനൊരുങ്ങുകയാണ് പൃഥ്വിരാജിന്‍റെ കര്‍ണന്‍!
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമ ആദ്യം 15 കോടി ബജറ്റില്‍ തീര്‍ക്കാം എന്നായിരുന്നു തീരുമാനം. വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലേക്കും ഈ സിനിമ എടുക്കാമെന്ന ചിന്ത വന്നതോടെ ബജറ്റ് കൂടുകയായിരുന്നു.
കര്‍ണന്‍റെ ചെലവ് 45 കോടിയാണെന്നാണ് ആദ്യമൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ബജറ്റ് 45 കോടിയായി നിശ്ചയിച്ചിട്ടില്ലെന്ന് സംവിധായകന്‍ വിമല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ലോകസിനിമയോട് കിടപിടിക്കുന്ന ഒരു മലയാള ചിത്രമാണ് കര്‍ണനിലൂടെ സാധ്യമാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ചെലവ് 100 കോടി കവിയുമോ എന്നാണ് സിനിമാലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 100 കോടി കടന്നാലും തിരിച്ചുപിടിക്കാനുള്ള മാര്‍ക്കറ്റ് നിര്‍മ്മാതാവും പൃഥ്വിരാജും കണ്ടുവച്ചിട്ടുണ്ടത്രേ.
ബാഹുബലിക്ക് ക്യാമറ ചലിപ്പിച്ച സെന്തില്‍കുമാറാണ് കര്‍ണന്‍റെയും ഛായാഗ്രഹണം. അതേസമയം, മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍റെ അണിയറപ്രവര്‍ത്തനങ്ങളും സമാന്തരമായി പുരോഗമിക്കുകയാണ്. മധുപാലാണ് സംവിധായകന്‍.