മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ജര്‍മ്മന്‍ റിട്ടേണ്‍സ്’ എന്ന സിനിമയ്ക്ക് തുടക്കമാകുന്നു. ഏപ്രില്‍ ആദ്യം ചിത്രീകരണം ആരംഭിക്കും. ഏപ്രില്‍ ഏഴിനാണ് മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത്.
മമ്മൂട്ടി ജര്‍മ്മനിയില്‍ 20 ദിവസത്തെ ഡേറ്റാണ് രഞ്ജിത്തിന് നല്‍കിയിരിക്കുന്നത്. ബാക്കി ഭാഗങ്ങള്‍ കോട്ടയത്താണ് ചിത്രീകരിക്കുക. ജര്‍മ്മനിയില്‍ നിന്ന് നാട്ടിലേക്കെത്തുന്ന ഒരു മലയാളിയുടെ ധര്‍മ്മസങ്കടങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
ഒരു രഞ്ജിത് ചിത്രം ആദ്യമായാണ് വിദേശലൊക്കേഷനില്‍ ചിത്രീകരിക്കുന്നത്. ഇത്തവണയും ആക്ഷേപഹാസ്യചിത്രം തന്നെയാണ് രഞ്ജിത് ഒരുക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
മമ്മൂട്ടിയുടെ ഒരു സിനിമ ഒരു ഇടവേളയ്ക്ക് ശേഷമാണ് വിദേശലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്നത്. ‘ലൌ ഇന്‍ സിംഗപ്പോര്‍’ ആണ് മമ്മൂട്ടിയുടേതായി അവസാനം വിദേശലൊക്കേഷനുകളില്‍ ചിത്രീകരിച്ച സിനിമ. ആ സിനിമ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
ജര്‍മ്മനിയില്‍ അവസാനം ചിത്രീകരിച്ച മലയാള സിനിമ ദിനേശ് ബാബു സംവിധാനം ചെയ്ത ‘മഴവില്ല്’ ആണ്. അതൊരു നല്ല സിനിമയായിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.