മച്ചു രസിപ്പിക്കുന്നു

Webdunia
ശനി, 24 ജനുവരി 2009 (18:36 IST)
സിനിമ കാണാന്‍ തിയേറ്ററിലേക്ക് ചെല്ലുന്നവരുടെ മാനസികാവസ്ഥകള്‍ പലവിധത്തിലായിരിക്കും. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാ പ്രേക്ഷകരുടെയും മനസ് ഒരേപോലെ തന്‍റെ ചിത്രത്തിനൊപ്പം ചലിപ്പിക്കുന്നവനാണ് നല്ല ചലച്ചിത്രകാരന്‍. സിനിമയുടെ ഉദ്ദേശ്യമെന്ത് എന്നതിന് നേര്‍വിപരീത ദിശയില്‍ പ്രേക്ഷകന്‍റെ മനോവ്യാപാരങ്ങള്‍ സഞ്ചരിച്ചു തുടങ്ങിയാല്‍ അവിടെ സംവിധായകന്‍ പരാജയപ്പെടുന്നു.

സിനിമയുടെ സൈദ്ധാന്തിക വശങ്ങളെയോ സൌന്ദര്യശാസ്ത്രത്തെയോ അടിസ്ഥാനമാക്കി വിലയിരുത്തേണ്ടവയല്ല റാഫി - മെക്കാര്‍ട്ടിന്‍ സിനിമകള്‍. തിയേറ്ററിലെത്തുന്നവരെ ചിരിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്‍ഷ്യമെന്ന് മുന്‍ ചിത്രങ്ങളിലൂടെ അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍, ‘ലൌ ഇന്‍ സിംഗപ്പോര്‍’ എന്ന അവരുടെ പുതിയ സിനിമ ആ ലക്‍ഷ്യത്തെ സഫലീകരിക്കുന്നുണ്ട്.

മമ്മൂട്ടിയുടെയും നെടുമുടി വേണുവിന്‍റെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ലൌ ഇന്‍ സിംഗപ്പോറിന്‍റെ ഹൈലൈറ്റ്. ചമ്പക്കുളം തച്ചന് ശേഷം നെടുമുടിക്ക് ലഭിച്ച മികച്ച വില്ലന്‍ കഥാപാത്രമാണ് ഈ സിനിമയിലെ പെരേര. അദ്ദേഹം അത് ഉജ്ജ്വലമാക്കിയിരിക്കുന്നു. കോമഡി എന്ന പേരില്‍ പോത്തന്‍ വാവയിലോ, മായാബസാറിലോ കാട്ടിക്കൂട്ടിയതൊന്നും ഈ സിനിമയില്‍ മമ്മൂട്ടി ചെയ്യുന്നില്ല എന്നത് ആശ്വാസം നല്‍കുന്നു.

ആക്രി പെറുക്കി വിറ്റ് പണക്കാരനായവനാണ് മച്ചു(മമ്മൂട്ടി). ഇന്ന് അയാള്‍ക്ക് ഹോട്ടലുകളും ടെക്സ്റ്റയില്‍ ഷോപ്പുകളുമുണ്ട്. കച്ചവട സിനിമകളിലെ പതിവു നായകന്‍‌മാരെപ്പോലെ തന്നെ പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവം തന്നെയാണ് ഇയാള്‍. പെരേര എന്ന ആംഗ്ലോ ഇന്ത്യന്‍റെ (നെടുമുടി) ചതിയില്‍ മച്ചു കുടുങ്ങുന്നിടത്താണ് ചിത്രത്തിന്‍റെ വഴിത്തിരിവ്.

ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കുക എന്ന തന്ത്രം മച്ചുവിന് പറഞ്ഞു കൊടുക്കുകയും ആ പണം മുഴുവന്‍ അയാള്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. താന്‍ നിക്ഷേപം നടത്തിയ കമ്പനി പൊളിഞ്ഞു എന്നാണ് മച്ചുവിനെ പെരേര തെറ്റിദ്ധരിപ്പിക്കുന്നത്. ഒരു ആത്മഹത്യാ നാടകവും നടത്തി അയാള്‍. സത്യം മച്ചു മനസിലാക്കി വരുമ്പോഴേക്കും പെരേരയും മകളും(നവനീത് കൌര്‍) സിംഗപ്പൂരിലെത്തിയിരുന്നു.

പെരേരയെ അന്വേഷിച്ച് മച്ചു സിംഗപ്പൂരിലെത്തുകയാണ്. മച്ചു വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ചിത്രത്തിലെ രസകരമായ സംഭവങ്ങള്‍ തുടങ്ങുന്നതവിടെയാണ്.

മായാവിയിലൊക്കെ നമ്മള്‍ കണ്ടതുപോലെ നിരക്ഷരകുക്ഷി തന്നെയാണ് ഈ സിനിമയിലും മമ്മൂട്ടിയുടെ കഥാപാത്രം. സിംഗപ്പൂരില്‍ അയാളുടെ ‘ഭാഷാസഹായി’ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രമാണ്.

പെരേരയുടെ മകളുടെ കല്യാണം മച്ചുവും കൂട്ടുകാരനും ചേര്‍ന്ന് മുടക്കുകയും പിന്നീടുണ്ടാകുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മച്ചു വിജയം നേടുകയും ചെയ്യുന്നു. ഇടയില്‍ ഫാഷന്‍ റാമ്പിലും ബോക്സിംഗ് റിംഗിലും പ്രത്യക്ഷപ്പെട്ട്(ഗംഭീര കയ്യടിയാണ് ഈ രംഗങ്ങള്‍ക്ക് തിയേറ്ററില്‍ ഉയരുന്നത്) മമ്മൂട്ടി ഹീറോ ഇമേജ് ഉയര്‍ത്തിക്കാട്ടുന്നു.

സലിം‌കുമാര്‍, ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ ഹാസ്യരംഗങ്ങള്‍ ചിരിയുണര്‍ത്തുന്നവയാണ്. നെടുമുടിയുടെ ആംഗ്ലോ ഇന്ത്യന്‍ ഭാര്യയായി വരുന്ന സുകുമാരി(വന്ദനം, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളില്‍ കണ്ട അതേ കഥാപാത്രസൃഷ്ടി തന്നെ), ജനാര്‍ദ്ദനന്‍, ലാലു അലക്സ് എന്നിവരും കഥയോടു നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

സിംഗപ്പൂരിന്‍റെ മനോഹരദൃശ്യങ്ങള്‍ സഞ്ജീവ് ശങ്കറിന്‍റെ ക്യാമറ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. എന്നാല്‍ സുരേഷ് പീറ്റേഴ്സിന്‍റെ ഗാനങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.