ഗൌതം മേനോന്‍ - അജിത് ചിത്രം 9ന്, അനുഷ്ക 11ന് എത്തും!

Webdunia
ശനി, 5 ഏപ്രില്‍ 2014 (10:40 IST)
PRO
ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന അജിത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം ഒമ്പതിന് ആരംഭിക്കും. നായിക അനുഷ്ക ഷെട്ടി 11ന് ടീമിനൊപ്പം ജോയിന്‍ ചെയ്യും. അജിത്തിന്‍റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആക്ഷന്‍ റൊമാന്‍റിക് എന്‍റര്‍ടെയ്നറിനാണ് ഗൌതം മേനോന്‍ ശ്രമിക്കുന്നത്.

ഒറ്റ ഷെഡ്യൂളില്‍ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സൂചന. തിരക്കഥയും സ്റ്റോറി ബോര്‍ഡും എല്ലാ സാങ്കേതിക പ്രവര്‍ത്തകരും മനഃപാഠമാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഏറെ സമയമെടുത്താണ് ഗൌതം മേനോന്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. മുമ്പ് വിജയ്ക്കും അതിന് ശേഷം സൂര്യയ്ക്കും വേണ്ടി ആലോചിച്ച സബ്ജക്ട് അജിത്തിന്‍റെ താരമൂല്യത്തിന് യോജിച്ച വിധം മാറ്റിയെഴുതിയാണ് പുതിയ തിരക്കഥ രചിച്ചിരിക്കുന്നതെന്നാണ് വിവരം.

കഥ കേട്ട് ത്രില്ലടിച്ച അജിത് തിരക്കഥ വായിച്ച് ആവേശം കൊണ്ടതായാണ് അറിയുന്നത്. തന്‍റെ കരിയറില്‍ ഇത്രയും വ്യത്യസ്തമായ കഥാപാത്രത്തെ അജിത് അവതരിപ്പിച്ചിട്ടില്ലത്രേ. മാത്രമല്ല ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയില്‍ ഇരട്ട വേഷങ്ങളിലാണ് അജിത് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.