വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പത്തനാപുരം. കെ ബി ഗണേഷ്കുമാറാണ് നിലവില്‍ പത്തനാപുരം എം എല്‍ എ. ഗണേഷ് തന്നെ വീണ്ടും അവിടെ സ്ഥാനാര്‍ത്ഥിയാകും. ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഗണേഷ് അവിടെ മത്സരിക്കുക എന്ന പ്രത്യേകതയുണ്ട്.
ഗണേഷ് മത്സരിക്കുന്ന സമയത്തൊക്കെ സിനിമാ - ടിവി താരങ്ങള്‍ അദ്ദേഹത്തിനായി പ്രചരണത്തിനിറങ്ങുന്നതും പതിവാണ്. താരങ്ങളുടെ റോഡ് ഷോയും മറ്റുമായി എതിരാളികളെ നിഷ്പ്രഭരാക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് പതിവായി ഗണേഷ് നടത്തുന്നത്. എന്നാല്‍ ഇത്തവണ, ഇക്കാര്യത്തില്‍ ഗണേഷിന് വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്.
ഗണേഷിനെതിരെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് നടന്‍ ജഗദീഷ് ആണെന്നതാണ് ഗണേഷിന് പ്രശ്നമായത്. കാരണം, ഗണേഷിനുവേണ്ടി മാത്രമായി താരങ്ങള്‍ പത്തനാപുരത്ത് പ്രചരണത്തിനെത്തില്ല എന്നതുതന്നെ. ഗണേഷ് താരങ്ങളെ ഇറക്കിയാല്‍ ജഗദീഷും താരങ്ങളെ പ്രചരണത്തിനിറക്കും എന്നതാണ് സ്ഥിതി.
താരസംഘടനയായ ‘അമ്മ’ ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും കൊടുത്തിട്ടില്ല. താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വേണ്ടി താരങ്ങള്‍ക്ക് പ്രചരണ പ്രവര്‍ത്തനം നടത്തുന്നതിന് തടസമില്ല എന്നാണ് അമ്മ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇടതുസഹയാത്രികനായ മമ്മൂട്ടി ഗണേഷ്കുമാറിനുവേണ്ടി പ്രചരണത്തിന് പത്തനാപുരത്തെത്തിയാല്‍ അടുത്ത സുഹൃത്തായ മോഹന്‍ലാലിനെ പ്രചരണത്തിനിറക്കി മറുപടി നല്‍കാന്‍ ജഗദീഷിന് കഴിയുമെന്നിരിക്കെ, ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടി പത്തനാപുരത്ത് വോട്ടുതേടിയിറങ്ങുമെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങളും സിനിമാപ്രേമികളും.