കൊച്ചിയില്‍ പ്രാഞ്ചിയേട്ടന് മുഖമില്ല

Webdunia
ചൊവ്വ, 31 ഓഗസ്റ്റ് 2010 (12:26 IST)
PRO
തൃശൂരിന്‍റെ അരുമ സന്തതിയായ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്‍ കൊച്ചിയിലിറങ്ങിയത് മുഖമില്ലാതെ. റംസാന്‍ റിലീസായി അടുത്തമാസം 10ന് തിയറ്ററുകളിലെത്തുന്ന രഞ്ജിത്തിന്‍റെ മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്‍റിന്‍റെ കൊച്ചി നഗരത്തില്‍ സ്ഥാപിച്ച പരസ്യ ഫ്ലെക്സുകളിലൊന്നും മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചിയേട്ടന് മുഖമില്ല.

നഗരത്തിലെ വിവിധ ഇടങ്ങളിലായി പ്രാഞ്ചിയേട്ടന്‍റെ നാല്‍‌പ്പതോളം ഫ്ലെക്സുകളാണ് സ്ഥാപിച്ചിരുന്നത്. ഇതില്‍ ഇരുപത്തിരണ്ടോളം ഫ്ലെക്സുകളില്‍ മമ്മൂട്ടിയുടെ മുഖം വെട്ടിമാറ്റിയ നിലയിലാണ്. റംസാന്‍ റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങളുടെ ഫ്ലെക്സുകളും സമീപത്തുണ്ടെങ്കിലും പ്രാഞ്ചിയേട്ടന് നേര്‍ക്ക് മാത്രമെ ആക്രമണം ഉണ്ടായിട്ടുള്ളു. ശനിയാഴ്ച രാത്രിയാണ് പോസ്റ്ററുകള്‍ കീറിയതെന്ന് സംശയിക്കുന്നു.

പ്രത്യേക ഉദ്ദ്യേശം വെച്ച് തന്നെയാണ് ഈ പ്രവര്‍ത്തിയെന്നാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും പ്രോഡ്യൂസേഴ്സ് അസോസിയേഷനും ആരോപിക്കുന്നത്. സംഭവത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്യാപ്പിറ്റോള്‍ സിനിമയുടെ ബാനറില്‍ രഞ്ജിത് തന്നെയാണ് പ്രാഞ്ചിയേട്ടന്‍ നിര്‍മിക്കുന്നത്.

മുന്‍പ് ട്വന്റി-ട്വന്റിയില് മമ്മൂട്ടിയ്ക്ക് പ്രധാന്യം നല്‍കി പോസ്റ്റര് ഇറങ്ങിയതിനെതുടര്‍ന്ന് മോഹന്‌ലാല് ഫാന്‍സ് ചിത്രത്തിന്‍റെ പോസ്റ്റര്‍ കീറി നശിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പോസ്റ്റര്‍ കീറിയത് ആരായാലും ഓര്‍ത്തുപോകുന്നത് ശ്രീനിവാസന്‍ പറഞ്ഞ ഒരു ഡയലോഗാണ്; ‘മതിലുകള്‍ വൃത്തിയാക്കാന്‍ ഫാന്‍സുകാര്‍ നല്ലതാണ്’.