‘വേതാളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിലുണ്ടായ പരുക്ക് കാരണം മാസങ്ങളോളം തമിഴ് മെഗാസ്റ്റാര്‍ അജിത്തിന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇനി മേയ് മാസത്തില്‍ മാത്രമേ അഭിനയത്തില്‍ സജീവമാകാന്‍ അജിത്തിന് കഴിയൂ. എന്നാല്‍ നഷ്ടപ്പെടുന്ന മാസങ്ങള്‍ ഇരട്ടിനേട്ടത്തിനായി ഉപയോഗിക്കാനാണ് അജിത്തിന്‍റെ തീരുമാനം.
ആദ്യത്തെ അഞ്ചുമാസങ്ങള്‍ സിനിമയൊന്നും ചെയ്യുന്നില്ലെങ്കിലും അജിത്തിന് ഈ വര്‍ഷം രണ്ട് ചിത്രങ്ങള്‍ ഉണ്ടാകും. അതായത്, മേയ് മാസം മുതല്‍ അജിത് ഒരേ സമയം രണ്ട് ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ഒന്ന് ദീപാവലിക്കും അടുത്തത് ക്രിസ്മസിനും റിലീസ് ചെയ്യുമെന്നാണ് സൂചന.
അജിത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരായ ശിവ, വിഷ്ണുവര്‍ധന്‍ എന്നിവരാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്. വീരം, വേതാളം എന്നീ അജിത് ചിത്രങ്ങളുടെ സംവിധായകനാണ് ശിവ. ബില്ല, ആരംഭം എന്നീ അജിത് ഹിറ്റുകള്‍ ഒരുക്കിയത് വിഷ്ണുവര്‍ധനാണ്.
വേറൊരു വാര്‍ത്തയും കേല്‍ക്കുന്നുണ്ട്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്തിനൊപ്പം മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലും നായകനായിരിക്കും എന്നതാണ് അത്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ‘ജില്ല’ എന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിച്ച മോഹന്‍ലാല്‍ ഇനി അജിത്തിനൊപ്പം അഭിനയിക്കുമെന്നാണ് പ്രചരിക്കുന്ന വിവരം.
എന്തായാലും ഈ വര്‍ഷവും അജിത് ഗംഭീര ആക്ഷന്‍ ത്രില്ലറുകളുമായി തമിഴകം കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.