മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫിനു വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരായി കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി സജീവ പ്രവര്‍ത്തനമാണ് നടത്തിയത്. മറിച്ചുള്ള പ്രചാരണം തെറ്റാണ്. അത്തരത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെയും യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരായിരുന്നില്ല. ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടുമെന്നാണ് വിലയിരുത്തല്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അഞ്ചു മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടന്നിട്ടുണ്ട്. യു ഡി എഫിന് ഇത്തവണ 15 സീറ്റില്‍ കുറയാതെ ലഭിക്കും. കൂടുതല്‍ കാര്യങ്ങള്‍ അടുത്തമാസം എട്ടിനു ചേരുന്ന സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മജീദ് പറഞ്ഞു.