തിരുവനന്തപുരം ജില്ലയില്‍ 330 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകള്‍

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (15:18 IST)
PRO
PRO
തിരുവനന്തപുരം ജില്ലയില്‍ 330 പ്രശ്‌നബാധിത പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 120 എണ്ണം നഗരപരിധിയിലും 210 എണ്ണം ഗ്രാമീണമേഖലയിലുമാണ്. ജില്ലാ വരണാധികാരി ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരും പോലീസ്-റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് പ്രശ്‌നബാധിത പോളിങ് ബൂത്തുകളുടെ എണ്ണം തീരുമാനമായത്. ബൂത്തുകളെ രൂക്ഷതയുടെ അടിസ്ഥാനത്തില്‍ ഹൈപര്‍ സെന്‍സിറ്റീവ്, സെന്‍സിറ്റീവ് എന്ന് രണ്ടായി തിരിച്ചിട്ടുണ്ട്.

നേരത്തേ 425 പ്രശ്‌നബാധിത പോളിംഗ് സ്റ്റേഷനുകളാണ് ഉളളതെന്ന് കണ്ടെത്തിയിരുന്നതെങ്കിലും തുടര്‍ന്ന് നടന്ന നിരീക്ഷണത്തിന്റെയും ചര്‍ച്ചയുടേയും സുരക്ഷാക്രമീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവയുടെ എണ്ണം 330 ആക്കിയത്. വോട്ടെടുപ്പുദിവസം പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും വീഡിയോഗ്രഫിയും ഉണ്ടായിരിക്കും. മൈക്രോ ഒബ്‌സര്‍വര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. പ്രതേ്യകസേനയെ വിന്യസിച്ച് ഈ ബൂത്തുകളിലെ പോളിങ് സുരക്ഷിതമാക്കാനും സംവിധാനം ചെയ്തിട്ടുണ്ട്.

പോളിങ്ബൂത്ത് നമ്പറിംഗ് ഏപ്രില്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും എല്ലാ ബൂത്തുകളിലും വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലോസ്ഡ് സര്‍ക്ക്യൂട്ട് റ്റി.വി. സ്ഥാപിക്കേണ്ടതാണ്. ഇവയ്ക്കുളള മുന്നൊരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പോളിംഗ് സാമഗ്രികളുടെ വിതരണം, മൈക്രോ ഒബ്‌സര്‍വര്‍മാരുടെ വിന്യാസം എന്നിവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലത്തിലെ പൊതുനിരീക്ഷകരായ ഊര്‍മ്മിള മിശ്ര, ലിയാഖത്ത് അലി, ചെലവ് നിരീക്ഷകരായ രവി പ്രകാശ്, വീരഭദ്രറെഡ്ഡി, അവയര്‍നെസ് ഒബ്‌സെര്‍വര്‍ എസ്. വെങ്കിടേഷ്, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.