ആ ഷൂസ് ടൈറ്റ്‌ലറെയാണ് ലക്‍ഷ്യമാക്കിയത്

Webdunia
വ്യാഴം, 9 ഏപ്രില്‍ 2009 (19:00 IST)
ജര്‍ണയില്‍ സിംഗ് എന്ന അസഹിഷ്ണുവായ സിഖ് മതക്കാരന്‍ മാധ്യമപ്രവര്‍ത്തകന്‍ വലിച്ചെറിഞ്ഞ ഷൂസ് ടൈറ്റ്‌ലറുടെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കുമോ? ഏതാണ്ട് അത് സംഭവിച്ചു എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നത്.

ടൈറ്റ്‌ലറെ സിബിഐ കുറ്റവിമുക്തനാക്കിയ നടപടി സിഖ് മതക്കാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍, ജര്‍ണയില്‍ സിംഗ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി ചിദംബരത്തിനു നേര്‍ക്ക് ഷൂസ് വലിച്ചെറിഞ്ഞ സംഭവത്തോടെ അടങ്ങിക്കിടന്ന പ്രതിഷേധത്തിന് അഗ്നിനാമ്പ് മുളച്ചു

ഡല്‍ഹിയിലെ കാര്‍ക്കര്‍ഡൂമ കോടതി ജഗദീഷ് ടൈറ്റ്‌ലറുടെ വിധി പ്രസ്താവിക്കുമ്പോള്‍ എതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ ധാര്‍മ്മികതയുടെ പേരില്‍ ടൈറ്റ്‌ലറെ മത്സര രംഗത്ത് നിന്ന് പിന്‍‌വലിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, സിഖ് മതക്കാരുടെ പ്രതിഷേധം കോടതി വരെയെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരിപ്പിച്ചു. ഇനി തീരുമാനം വൈകിച്ചുകൂടാ എന്ന നിലയിലാണ് അവരിപ്പോള്‍.

സിഖ് മതം ഒന്നടങ്കം എതിര്‍ക്കുന്ന സാചചര്യത്തില്‍, പാര്‍ട്ടിക്ക് അകത്തു നിന്നും ടൈറ്റ്‌ലര്‍ക്ക് മേലുള്ള സമ്മര്‍ദ്ദത്തിന് കുറവില്ല. എന്നാല്‍, സ്ഥാനാര്‍ത്ഥിത്വം കൈവിടാമെന്ന സൂചനയാണ് വ്യാഴാഴ്ച ടൈറ്റ്‌ലര്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ നിന്ന് വ്യക്തമാവുന്നത്.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം സോണിയ ഗാന്ധി തീരുമാനിക്കുമെന്ന് പറഞ്ഞ് ടൈ‌റ്റ്ലര്‍ പന്ത് ഹൈക്കമാന്‍ഡിന്‍റെ കോര്‍ട്ടിലേക്ക് തട്ടിവിട്ടിരിക്കുകയാണ്. ഹൈക്കമാന്‍ഡിനു വേണമെങ്കില്‍ ആ പാസ് സ്വീകരിക്കാം. അല്ലെങ്കില്‍ അടിച്ചകറ്റാം. രണ്ടായാലും സിഖ് സമൂഹത്തിന് കോണ്‍ഗ്രസില്‍ നിന്നുണ്ടായ അകലം ഒരിക്കലും കുറയില്ല.