ദൃശ്യപ്പെരുമയായി കലാമണ്ഡലം

Webdunia
ചമയങ്ങളില്ലാതെ, ആടപ്പൊലിമകളില്ലാതെ അരങ്ങത്തു കണ്ട മഹാപ്രതിഭകളെ അടുത്തറിയാനും കേരളത്തിന്‍റെ മഹത്തായ കലാപാരമ്പര്യത്തെ, തലമുറയുടെ ഇങ്ങേയറ്റത്തെ കണ്ണികള്‍ എങ്ങനെ ആത്മാവിലേക്കാവാഹിക്കുന്നു എന്നറിയാനും ഒരു ദിനം.

" ആചാര്യന്മാരൊത്ത് ഒരു ദിനം' എന്ന പേരില്‍ കേരള കലാണ്ഡലവും സംസ്ഥാന വിനോദസഞ്ചാര വകുപ്പും സഞ്ചാരികള്‍ക്കായി സംയുക്തമായി ഒരുക്കിയ ഏകദിന കലാമണ്ഡലം യാത്രാ പരിപാടി സന്ദര്‍ശകര്‍ക്ക് അത്ഭുത കാഴ്ചയായി.

ചെണ്ടയുടെയും ചേങ്ങിലയുടെയും മന്ത്രമധുര നാദം മുഴങ്ങുന്ന അന്തരീക്ഷത്തില്‍ സന്ദര്‍ശകരെ കളരികളിലേക്ക് ആനയിക്കുമ്പോള്‍ ഒരു കുട്ടി പറഞ്ഞു.' ഇതാദ്യമായാണ് ഞങ്ങള്‍ ക്ളാസു റുമുകളിലേയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നത്.'

ഏകദേശം 400 കുട്ടികള്‍ കലാമണ്ഡലത്തിലെ 20 ഓളം കോഴ്സുകള്‍ പഠിക്കാനുണ്ട്. തനതു നൃത്തരൂപമായ മോഹിനിയാട്ടം മുതല്‍ കഥകളിയിലെ ചുട്ടികുത്തല്‍ വരെ. പണത്തിന് യാതൊരുവിധമായ ശല്യവുമുണ്ടാക്കാതെയാണ് സന്ദര്‍ശക യാത്ര ചിട്ടപ്പെടുത്തിയത്.

കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമായ കൂത്തമ്പലത്തിനു മുന്നില്‍ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. കൂത്തമ്പലത്തിലെ തൂണുകളില്‍ കൊത്തിവച്ചിട്ടുള്ള 100 കരണങ്ങള്‍ മാര്‍ഗദര്‍ശി സന്ദര്‍ശകര്‍ക്ക് വിവരിച്ചുകൊടുത്തു. തുടര്‍ന്ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയുടെ കളരികളിലേക്കായി യാത്ര

ഇലത്താളം, തിമില, മദ്ദളം, ഇടയ്ക്ക, കേരളീയ ക്ഷേത്രവാദ്യങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു യാത്രയുടെ അടുത്ത പടി. മുദ്രകള്‍ കാട്ടി ആശാന്‍റെ പാഠങ്ങള്‍ക്ക് അസാമാന്യ മെയ്വഴക്കത്തോടെ ചുവടുകള്‍ വച്ച് പരിശീലിക്കുന്നതും വാദ്യങ്ങളുടെ പ്രയോഗവും സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത കാഴ്ചയായി.

" കലകളില്‍ അഭ്യസിക്കാന്‍ പ്രയാസമേറിയതു കഥകളിയാണ്. ചെറുപ്പത്തിലേ കളരിയിലെത്തി ചവിട്ടിത്തിരുമലിനും ഉഴിച്ചിലിനും വിധേയമായി, മെയ്വഴക്കം നേടിയെടുത്താലേ കഥകളി ശിക്ഷണത്തിന്‍റെ ആദ്യപടി പൂര്‍ത്തിയാവൂ' കഥകളി വിഭാഗം അധ്യക്ഷന്‍ ബാലസുബ്രഹ്മണ്യന്‍ പറയുന്നു.

വെളുപ്പിനെ നാലു മണിക്ക് കഥകളിയഭാ്യസത്തോടെയാണ് കുട്ടിയുടെ ദിവസം ആരംഭിക്കുന്നത്. ആദ്യദിനം നേത്രസാധകമാണ്. പിന്നീട് മെയ്യഭ്യാസം നടത്തണം.

നൃത്തച്ചുവടുകള്‍ പരിശീലിക്കുന്നതോടൊപ്പം മുദ്രകള്‍ അഭ്യസിക്കുന്നു. ഇതിനിടയില്‍ കഥകളി പദങ്ങളും ആട്ടക്കഥാസാഹിത്യവും പഠിക്കണം. കഥകളി പഠിക്കുന്നവരില്‍ സ്ത്രീകളേയില്ല. എന്നാല്‍ തുള്ളലില്‍ സ്ത്രീപ്രാതിനിധ്യമാണ് കൂടുതല്‍.

കഥകളിക്ക് രംഗത്ത് കഥ കളിക്കുന്നവരോടൊപ്പം സംഗീതത്തിന് ആളു വേണം. കൂടാതെ വാദ്യങ്ങള്‍ വായിക്കാനും വേണം ആളുകള്‍. ചെണ്ട, മദ്ദളം, മിഴാവ് തുടങ്ങിയവ വായിക്കണം. പിന്നെ പ്രധാനം ചുട്ടികുത്തലും വേഷമണിയലുമാണ്. പരസഹായമില്ലാതെ ഇതൊന്നും ചെയ്യാനാവില്ല. കലാമണ്ഡലത്തില്‍ ഇതിലോരോന്നിനും പ്രത്യേകം ക്ളാസുമുണ്ട്.

ആടകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം, ആഭരണങ്ങള്‍ കിരീടം എന്നിവയും യാത്രയുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് ദൃശ്യാനുഭവമായി. കഥകളിയെ രക്ഷിക്കാനായി 1990 ല്‍ കലാമണ്ഡലം സ്ഥാപനം നടത്തിയ വള്ളത്തോള്‍ നാരായണമേനോന്‍റെ സമാധിസ്ഥലത്താണ് യാത്ര അവസാനിച്ചത്.

കലാമണ്ഡലത്തില്‍ ജാതിമതവര്‍ഗവര്‍ഗഭേദമില്ല. കൊല്‍ക്കത്തയില്‍ നിന്നുള്ള പി.എല്‍. ഭട്ടാചാര്യ നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് കലാമണ്ഡലത്തിലെത്തിയത്. കഥകളിക്കുപുറേമ കൂടിയാട്ടം കൂടി പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഭട്ടാചാര്യ.

പാശ്ഛാത്യ ക്ളാസിക്കല്‍ നൃത്തരീതിയില്‍ സംവിധായിക എന്ന നിലയില്‍ പ്രശസ്തയായ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നിന്നുള്ള ജെന്നിഫര്‍ ഭാരതനാട്യം പഠിക്കാനാണ് കലാമണ്ഡലത്തിലെത്തിയത്.