USA vs China Trade War:പകരച്ചുങ്കം ഏർപ്പെടുത്താൻ ചൈനയാര്?, 50 ശതമാനം അധികനികുതി കൂടി പ്രഖ്യാപിച്ച് ട്രംപ്, സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ സൂചികകൾ!

അഭിറാം മനോഹർ

ചൊവ്വ, 8 ഏപ്രില്‍ 2025 (11:14 IST)
അമേരിക്ക- ചൈന വ്യാപാരയുദ്ധം മുറുകുമ്പോള്‍ സാമ്പത്തിക മാന്ദ്യ ഭീഷണിയില്‍ ഓഹരിവിപണി സൂചികകള്‍. ട്രംപിന്റെ നികുതി തീരുമാനങ്ങളെ തുടര്‍ന്ന് ഇന്നലെ ലോകമെങ്ങുമുള്ള ഓഹരിവിപണി സൂചികകള്‍ തകര്‍ന്നടിഞ്ഞിരുന്നു. രാജ്യത്ത് നിന്ന് പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മാത്രമല്ല ഒരു പടി കൂടി മുന്നൊട്ട് കടന്നിരിക്കുകയാണ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് മുകളില്‍ ചൈന ഏര്‍പ്പെടുത്തിയ പകരചുങ്കം പിന്‍വലിചില്ലെങ്കില്‍ 50 ശതമാനം കൂടി തീരുവ ഉയര്‍ത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
 
 ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനം തീരുവയാകും അമേരിക്കയിലുണ്ടാവുക. 2 ദിവസം മുന്‍പാണ് യു എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം അധികനികുതി ചൈന പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 34 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പകരമായാണ് ചൈനയും 34 ശതമാനം പകരചുങ്കം പ്രഖ്യാപിച്ചത്. ഈ തീരുമാനം വന്ന് 2 ദിവസത്തിനകമാണ് ട്രംപിന്റെ തിരിച്ചടി. യുഎസിനെതിരെ ചൈന ചുമത്തിയ 34 ശതമാനം നികുതി പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും 50 ശതമാനം കൂടി നികുതി ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
 
 അമേരിക്കയ്‌ക്കെതിരെ പകരചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമെ ഇനി വ്യാപാരചര്‍ച്ചകള്‍ നടത്തുവെന്ന നിലപാടാണ് ട്രംപ് എടുത്തിരിക്കുന്നത്. അതേസമയം പകരചുങ്കമുണ്ടാകുമെന്ന ട്രംപിന്റെ നിലപാട് നേരിടാന്‍ തയ്യാറാണെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. ട്രംപിന്റെ പുതിയ നടപടികളില്‍ കോവിഡിന് ശേഷമുണ്ടായ ഏറ്റവും വലിയ വ്യാപാരതകര്‍ച്ചയാണ് ലോകമെങ്ങുമുള്ള ഓഹരിവിപണികളില്‍ ഉണ്ടായത്. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന തരത്തില്‍ ആശങ്കകളും പടര്‍ന്നതോടെ വലിയ നഷ്ടമാണ് വിപണിയിലുണ്ടായത്. വരും ദിവസങ്ങളിലും വ്യാപാരയുദ്ധം കനക്കുമെന്ന സൂചനകള്‍ പുറത്തുവരുമ്പോള്‍ ഓഹരിവിപണി അടുത്ത മാസങ്ങളിലും ചോരക്കളമാകുമെന്നത് ഉറപ്പുള്ള കാര്യമാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍