ഇതെന്തൊരു വിരോധാഭാസം ! ബി ജെ പി പിന്തുണ പ്രഖ്യാപിച്ച ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടേണ്ടതുണ്ടോ ?

Webdunia
തിങ്കള്‍, 7 ജനുവരി 2019 (15:34 IST)
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു എന്നതിന്റെ പേരിൽ ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിൽ സംസ്ഥാനത്താകമാനം ഉണ്ടായ അക്രമങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടണം എന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബി ജെ പി. ബി ജെ പി എം പി നിഷികാന്ത് ദുബെയാണ് കേരളത്തിൽ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് ലോക്സഭയിൽ ആവശ്യം ഉന്നയിച്ചത്.
 
ഹർത്താലിൽ സംസ്ഥാനത്തുണ്ടായ വ്യാപകമായ അക്രമ  സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെയാണോ, ഹർത്താലിൽ തെരുയുദ്ധത്തിനിറങ്ങിയ അക്രമികളെയാണോ പ്രതിസ്ഥാനത്ത് നിർത്തേണ്ടത്. തങ്ങൾ പ്രഖ്യാപിച്ച ഹർത്താലല്ല, അക്രമ സംഭവങ്ങളുമായി തങ്ങൾക്ക് നേരിട്ട് ബന്ധമില്ല എന്നീ ന്യായ വാദങ്ങളാണ് ബി ജെ പി നേതൃത്വം ഉന്നയിക്കുന്നത്.
 
ശരിയാണ് ഹർത്താൽ ബി ജെ പി  പ്രഖ്യാപിച്ചതല്ല. പക്ഷേ മടിയേതും കൂടാതെ ഹർത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അക്രങ്ങളിൽ അറസ്റ്റിലായതാവട്ടെ ബി ജെ പി ആർ എസ് എസ് പ്രവർത്തകരും. ഇവർ എങ്ങനെ അക്രമങ്ങളുടെ ഭാഗമായി ? സംസ്ഥാന ബി ജെ പി ഹർത്താലിൽ നടത്തിയ അക്രമങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണം എന്ന് ബി ജെ പിയുടെ എം പി തന്നെ ലോക്സഭയിൽ ആവശ്യം ഉന്നയിക്കുന്നത് എന്ത് വിരോധാഭാസമാണ്.
 
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോബുകൾ വലിച്ചെറിയുന്ന ആർ എസ് എസ് ജില്ലാ പ്രചാരകിന്റെ ദൃശ്യങ്ങൾ സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ കണ്ടതാണ്. ആക്രമണത്തിൽ നിന്നും സ്റ്റേഷനിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങൾ ഉൾപ്പടെ സംസാരിക്കുന്ന തെളിവുകളായി നിലനിൽക്കുമ്പോഴാണ് ജനാധിപത്യ രീതിയിൽ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു മത്രിസഭ പിരിച്ചുവിടണം എന്ന് രാജ്യത്തിന്റെ നിയമനിർമ്മാണ സഭയിൽ ബി ജെ പി ആവശ്യപ്പെടുന്നത്.
 
ഹർത്താലിൽ സംസ്ഥാന സർക്കാരിനും വീഴ്ചകൾ പറ്റിയിട്ടുണ്ട്. ഹർത്താലിൽ അക്രമങ്ങൾ ഉണ്ടാകും എന്ന് നേരത്തെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്കായില്ല, സർക്കാർ സംരക്ഷണം നൽകും എന്ന വിശ്വാസത്തിൽ വ്യാപാരികൾ തുറന്ന കടകൾ അക്രമികൾ അടിച്ചു തകർത്തു. പൊലീസ് പലയിടങ്ങളിലും  നോക്കിനിൽക്കുക മാത്രമാണ് ചെയ്തത്. പൊലീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഹർത്താൽ ഒരു തെരുവ് യുദ്ധമായി മാറില്ലായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article