'വെള്ള പ്രതലത്തില്‍ നാല് കറുത്ത കുത്തുകള്‍'; ഈ ബോര്‍ഡ് കണ്ടാല്‍ വണ്ടി വേഗം കുറയ്ക്കണം, ബ്രേക്ക് പിടിച്ച് വേണം പിന്നീട് പോകാന്‍ !

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (15:44 IST)
ട്രാഫിക് നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ നിങ്ങളുടെ യാത്രയില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. ട്രാഫിക് ചിഹ്നങ്ങളെ കുറിച്ച് ലേണേഴ്‌സ് സമയത്ത് നാം പഠിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും പല ട്രാഫിക് ചിഹ്നങ്ങളും എന്താണെന്ന് അറിയാത്തവരാണ് കൂടുതല്‍ പേരും. അങ്ങനെയൊരു ട്രാഫിക് ബോര്‍ഡാണ് വാര്‍ത്തയ്‌ക്കൊപ്പമുള്ള ഈ ചിത്രത്തിലുണ്ട്. 
 
വെള്ള പ്രതലത്തില്‍ നാല് കറുത്ത കുത്തുകളാണ് ഈ ബോര്‍ഡില്‍ കാണുന്നത്. ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലായോ? ട്വിറ്ററില്‍ ഒരാള്‍ ഇതേ സംശയം ബാംഗ്ലൂര്‍ സിറ്റി ട്രാഫിക്ക് പൊലീസിനെ മെന്‍ഷന്‍ ചെയ്ത് ചോദിച്ചു. ഇതിന് ട്രാഫിക് പൊലീസ് തന്നെ കൃത്യമായ മറുപടി നല്‍കി. 
 
അന്ധനായ വ്യക്തി റോഡില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ ചിഹ്നം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. വാഹനം ഓടിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്. അന്ധര്‍ക്കായുള്ള എന്തെങ്കിലും സ്ഥാപനങ്ങള്‍ ആ റോഡില്‍ ഉണ്ടാകും. റോഡില്‍ അന്ധര്‍ നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ സാവധാനം പോകണം. വേഗത കുറച്ച് ബ്രേക്ക് പിടിച്ചുകൊണ്ട് വേണം വാഹനം ഓടിക്കുന്നവര്‍ മുന്നോട്ടു പോകാന്‍. ബാംഗ്ലൂരിലെ ഹോപ്പ് ഫാം ജങ്ഷനിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അവിടെ അന്ധരായ കുട്ടികള്‍ക്ക് വേണ്ടി ഒരു സ്‌കൂളുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലൊരു ബോര്‍ഡ് അവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും ട്രാഫിക് പൊലീസ് യുവാവിന് മറുപടി നല്‍കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article