പി ജയരാജന്‍ വിജയക്കൊടി പാറിക്കുമോ ?; കരുത്ത് കാട്ടാതെ രക്ഷയില്ലെന്ന് ആര്‍എംപി - ഇത് ഒന്നാം നമ്പര്‍ പോരാട്ടം

അമല്‍ മുത്തുമണി
വെള്ളി, 22 മാര്‍ച്ച് 2019 (16:41 IST)
2019 ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ആകാംക്ഷയുടെ ഉന്നതിയില്‍ നില്‍ക്കുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിലെ കരുത്തനും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനും കോണ്‍ഗ്രസിലെ ശക്തനുമായ കെ മുരളീധരനും നേര്‍ക്കുനേര്‍ വരുന്ന മണ്ഡലവുമായതാണ് വടകരയെ ചൂട് പിടിപ്പിക്കുന്നത്.

സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കി വടകര പിടിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യമാണ് യുഡിഎഫിനുള്ളത്. കോണ്‍ഗ്രസ് നേതൃത്വം പ്രാധാന്യം നല്‍കുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തായിരിക്കും വടകര. വടകരയിലേത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്ന മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കുന്നു. സമാന നിലപാട് തന്നെയാണ് മറ്റു നേതാക്കള്‍ക്കുമുള്ളത്.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനകള്‍ നല്‍കുകയും പിന്നീട് യു ഡി എഫിന് പിന്തുണ നല്‍കുകയും ചെയ്‌ത ആര്‍എംപിക്ക് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. മുരളീധരനെ വിജയിപ്പിക്കുന്നതിനൊപ്പം വോട്ട് ചോരാതെ നോക്കുകയും വേണം. ജയരാജന്റെ പരാജയമാണ് അന്തിമ ലക്ഷ്യമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു വ്യക്തമാക്കുമ്പോഴും കടുത്ത സമ്മര്‍ദ്ദം പാര്‍ട്ടിയിലുണ്ട്.

കെ മുരളീധരന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങാമെന്ന ആര്‍ എം പിയുടെ തീരുമാനം തന്നെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടാതിരിക്കാനുള്ള പോരാട്ടമാണ്. പഞ്ചായത്ത് തോറും പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ജയരാജനെതിരെ ജനവികാരം ഇളക്കി വിടുകയാണ് ലക്ഷ്യം.

കണ്ണുര്‍ ജില്ലയില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളെന്ന് അറിയപ്പെടുന്ന തലശ്ശേരി, കൂത്തുപറമ്പ് എന്നിവക്ക് പുറമെ വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ വരുന്നത്. ഇതില്‍ വടകരയില്‍ മാത്രമാണ് ആര്‍എംപിക്ക് ശക്തമായ സ്വാധീനമുള്ളത്. മറ്റ് മേഖലകളില്‍ ഇടത് സ്വാധീനം ശക്തമാണെങ്കിലും മുരളീധരന്റെ ജനകീയത അനുകൂലമാകുമെന്ന നിഗമനമാണ്
യുഡിഎഫിനും ആര്‍എംപിക്കുമുള്ളത്.

മണ്ഡലത്തില്‍ ഏകദേശം 50,000ത്തോളം വോട്ട് ആര്‍എംപിക്ക് ഉണ്ടെന്ന് എൻ വേണു പറയുമ്പോഴും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്ന് 20504 വോട്ടുകള്‍ മാത്രമാണ് കെകെ രമയ്‌ക്ക് ലഭിച്ചതെന്നത് ആര്‍എംപിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ മുരളീധരനൊപ്പം നില്‍ക്കുകയും സ്വന്തം നിലയിലും അല്ലാതെയും പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ആര്‍എംപിയുടെ തീരുമാനം. മുരളീധരന്‍ വിജയക്കൊടി പാറിച്ചാല്‍ ആര്‍എംപിക്ക് പ്രസക്തിയില്ലാതായെന്ന സിപിഎമ്മിന്റെ ആരോപണത്തിന്റെ മുനയൊടിക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article