സംഘപരിവാറുമായി ബന്ധമില്ല, ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നു പറയില്ല: കെ മുരളീധരൻ

ബുധന്‍, 20 മാര്‍ച്ച് 2019 (10:38 IST)
വടകര ലോക്‌സഭാ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം തന്നെയാണ് നടക്കുക. എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജനും കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനുമാണ്. ശക്തമായ മത്സരം തന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, ബിജെപി വോട്ട് പ്രതീക്ഷിക്കുന്നില്ലെന്നും സംഘപരിവാറുമായി ഒരു ബന്ധവും ഉണ്ടാക്കാത്ത ആളാണ് താനെന്നും കെ.മുരളീധരന്‍. 
 
സംഘപരിവാറുമായി ബന്ധമില്ലെന്ന് പറയുമ്പോൾ തന്നെ മറ്റ് പാര്‍ട്ടികളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്നും മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
 
എംപിയാക്കി ഡല്‍ഹിയിലേക്ക് നാടുകടത്തുകയാണെന്നു കരുതുന്നില്ല. ലോക്‌സഭയില്‍ തിരഞ്ഞെടുത്താല്‍ കേരളത്തില്‍ നിന്ന് പൂര്‍ണമായും വിട്ട് പോകുകയല്ലല്ലോ. കേരളം വിട്ടൊരു കളി താന്‍ കളിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
 
‘വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനാണെന്ന് ചിത്രീകരിച്ചു കൊണ്ടുള്ള പ്രചാരണത്തിനില്ല. വ്യക്തിപരമായി ജയരാജനെതിരെ ഞാന്‍ പറയില്ല. ഇന്നലെവരെ ജയരാജനെതിരെ പറഞ്ഞിരുന്നു. പക്ഷേ പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കിയതു മുതല്‍ വ്യക്തിപരമായി ആരെയും പറയില്ല. എന്നാല്‍ അക്രമ രാഷ്ട്രീയത്തിനെതിരെ പറയും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകും’ -മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍