വടകരയില്‍ എന്തുകൊണ്ട് കെ മുരളീധരന്‍ ?; കോണ്‍ഗ്രസിന് ചിലതൊക്കെ തെളിയിക്കേണ്ടതുണ്ട്

അമല്‍ മുത്തുമണി
ചൊവ്വ, 19 മാര്‍ച്ച് 2019 (14:27 IST)
ദിവങ്ങളോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചകള്‍‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ചും അല്ലാതെയും ചര്‍ച്ചകള്‍ നടത്തുന്നു. കേന്ദ്ര നേതൃത്വവുമായി അടിക്കടി ബന്ധപ്പെടുന്നു. ഒടുവില്‍ തര്‍ക്കത്തിനും ആശങ്കകളും അവസാനിപ്പിച്ച് കെ മുരളീധരനെ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയുള്ള പ്രഖ്യാപനവും.

2019 ലോക്‍സഭ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് തലവേദനയായ മണ്ഡലങ്ങളില്‍ മുന്നിലാണ് വടകര. എന്തുകൊണ്ടാണ് സിറ്റിംഗ് മണ്ഡലമായിട്ടും വടകര കീറാമുട്ടിയാകുമെന്ന തോന്നല്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, എതിരാളി പി ജയരാജന്‍ ആണെന്നത്.

സിപിഎമ്മിലെ കരുത്തനും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനെ നേരിടാൻ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെയു കേന്ദ്രനേതൃത്വം ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി.
വടകരയില്‍ വിജയ സാധ്യത കൂടുതലായിട്ടും മല്‍സരിക്കാനില്ലെന്ന നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണം.

ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് ആവശ്യപ്പെട്ടെങ്കിലും വടകരയിലേക്ക് ഇല്ലെന്ന് മുല്ലപ്പള്ളി തറപ്പിച്ചു പറഞ്ഞു. രക്തസാക്ഷികളെ ഓര്‍ത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരിന്റെ വാക്കുകള്‍ നേതൃത്വത്തെ വേട്ടയാടി.

പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർഥി തന്നെ വേണമെന്ന് വടക്കൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം നിർബന്ധം പിടിച്ചു. അക്രമരാഷ്‌ട്രീയത്തിന്റെ വക്താവെന്ന് മുദ്ര കുത്തുമ്പോഴും മണ്ഡലത്തില്‍ ജയരാനുള്ള സ്വാധീനവും ശക്തിയും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരുന്നു. ശക്തനായ സ്ഥാനാര്‍ഥിയില്ലെങ്കില്‍ വടകരയില്‍ തിരിച്ചടിയുണ്ടാകുമെന്ന വികാരമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്. ലീഗും ആര്‍എംപിയും മികച്ച സ്ഥാനാര്‍ഥി എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

ഒടുവില്‍ എഐസിസി കൈപിടിച്ചതോടെ പോരിനിറങ്ങാന്‍ മുരളീധരന്‍ പച്ചക്കൊടി കാണിച്ചു. വടകര മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങള്‍ കോഴിക്കോട് ജില്ലയിലായതും മുന്‍ കോഴിക്കോട് എംപി കൂടിയായതുമാണ്
അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാ‍യത്.

ഇടതിനും - വലതിനും ഒരു പോലെ സ്വാധീനമുള്ള മണ്ഡലമായിട്ടും ജയരാജന്‍ മത്സരരംഗത്ത് എത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ജയരാജന് മണ്ഡലത്തിലുള്ള സ്വീകാര്യത ഒരു പരിധിവരെ അംഗീകരിക്കാതിരിക്കാനുള്ള മനസ് കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ തന്നെ പി ജയരാജനെതിരെ മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥി പാര്‍ട്ടിയില്‍ ഇല്ലെന്ന  വിലയിരുത്തല്‍ പാര്‍ട്ടി പ്രാദേശിക ഘടകത്തിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം വൈകുക കൂടി ചെയ്‌തതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് രണ്ടടി പിന്നോട്ട് പോകുകയും ചെയ്‌തു.

വടകര കൈവിടുന്ന സാഹചര്യമുണ്ടായാല്‍ ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം താല്‍ക്കാലികമായെങ്കിലും അപ്രസക്തമാകുമെന്ന് കോണ്‍ഗ്രസിനറിയാം. അങ്ങനെ സംഭവിച്ചാല്‍  തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയമായിരിക്കും വടകരയില്‍ നിന്ന് ലഭിക്കുക. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് കോണ്‍ഗ്രസ് വാശിപിടിച്ചത്.

പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി വട്ടിയൂർക്കാവ് എംഎൽഎ കൂടിയായ മുരളീധരൻ വടകരയില്‍ പോരാട്ടം നയിക്കാന്‍ എത്തുമ്പോള്‍ മത്സരം കടുക്കും. ഒപ്പത്തിനൊപ്പമുള്ള മത്സര വേദി കൂടിയായി തീരും.  അപ്രതീക്ഷിതമായി എത്തിയ മുരളീധരന്റെ ജന സ്വീകാര്യതയെ എല്‍ഡിഎഫും ഭയപ്പെടുന്നുണ്ട്.

സ്ഥാനാർഥി നിർണയത്തിലും ആദ്യഘട്ട പ്രചാരണത്തിലും ഇടതുമുന്നണിയോട് ഒരു ഘട്ടത്തിൽ പിന്നിട്ട് നിന്നെങ്കിലും  മുരളീധരന്‍ എത്തുന്നതോടെ നിർണായക സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article