രംഗവേദിയിലേക്ക് നാട്ടുതനിമയുടെ നറുമണം നിറച്ച് ഒടുവില്‍ രംഗബോധമില്ലാത്ത കോമാളിക്ക് മുന്നില്‍ കാവാലവും അടിയറവ് പറഞ്ഞു. താന്‍ അനുഭവിച്ചും അറിഞ്ഞും പോന്ന നാടന്‍ മിത്തുകളും കഥകളും പുതിയ കാലത്തിന്റെ ക്ലാസിക്കുകളായി മാറ്റി കാവാലം നാരായണപ്പണിക്കര്‍ സൃഷ്ടിച്ചത് പുതിയൊരു കലാ സാഹിത്യ പ്രസ്ഥാനം തന്നെയായിരുന്നു.
നാടകവേദിയില്‍ നാട്ടറിവിന്റെയും നാടന്‍ ശീലുകളുടെയും നവ്യാനുഭവം സൃഷ്ടിച്ച് അഞ്ചര പതിറ്റാണ്ടിലധികം അദ്ദേഹം രംഗവേദി സജീവമാക്കി. നാടകത്തെയും പാട്ടുകളെയും നെഞ്ചോടു ചേര്‍ത്ത കാവാലത്തിന് കേരളത്തിന്റെ തനത് സംസ്‌കാരത്തെ കൈവിടാന്‍ ഒരിക്കലുമായില്ല. മലയാള നാടകപ്രസ്ഥാനത്തിനു രൂപഭംഗിയും ഉണര്‍വ്വും കാവാലം പകര്‍ന്നു നല്‍കി.
കേരളത്തനിമ തെളിഞ്ഞു നില്‍ക്കുന്ന അവനവന്‍ കടമ്പ, ദൈവത്താര്‍, തെയ്യത്തെയ്യം, പൊറനാടി തുടങ്ങി കാവാലത്തിന്റെ തൂലികയില്‍ നിന്നും പിറന്നത് 26ഓളം നാടകങ്ങള്‍. ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്‌കൃത നാടകങ്ങളുമായി ഇന്ത്യയിലെമ്പാടുമുള്ള വേദികളിലും കാവാലം സഞ്ചരിച്ചു.
ഷേക്‌സ്പിയറുടെ ടെംപെസ്റ്റ്, സംസ്‌കൃത നാടകമായ ഭഗവദജ്ജുകം തുടങ്ങിയവ മലയാളത്തില്‍ അവതരിപ്പിച്ച കാവാലം കാളിദാസ നാടകങ്ങള്‍ ഉജ്ജയനിയിലെ കാളിദാസ സമാരോഹില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ നാടകവേദിയുടെ പ്രശംസയും പിടിച്ചുപറ്റി. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ രതിനിര്‍വ്വേദത്തിന് ഗാനങ്ങള്‍ രചിച്ചുകൊണ്ട് സിനിമാസ്വാദകരുടെ ഹൃദയത്തിലും കാവാലം ചിരപ്രതിഷ്ഠ നേടി.
1978ലും 1982ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും കാവാലത്തെ തേടിയെത്തിയിട്ടുണ്ട്.