ഡോളര്‍ കടത്ത് കേസ് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്‍റെ പ്രതീക്ഷകള്‍ കെടുത്തുന്നുവോ?

ജോണ്‍ കെ ഏലിയാസ്
വെള്ളി, 5 മാര്‍ച്ച് 2021 (18:23 IST)
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നുപേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സി പി എമ്മിന് കനത്ത ആഘാതം സൃഷ്‌ടിക്കുമോ? പിണറായി വിജയന് വരുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമോ? രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങള്‍ക്ക് ജനത സാക്ഷ്യം വഹിക്കാന്‍ പോകുകയാണോ?
 
ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി കസ്റ്റംസ് തയ്യാറാക്കിയ സത്യവാങ്‌മൂലത്തിലാണ് സ്വപ്‌നയുടെ ഗൌരവമുള്ള വെളിപ്പെടുത്തലുള്ളത്. മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും  ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു എന്നുമാണ് സത്യവാങ്‌മൂലത്തില്‍ ഉള്ളത്.
 
മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റമാണ് ചെയ്‌തിരിക്കുന്നതെന്നും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിക്കുന്നു. ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശക്‍തമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം മരവിപ്പിച്ചത് സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
 
എന്നാല്‍ കേസുകളില്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുമ്പ് സ്വപ്‌ന തുറന്നുപറഞ്ഞത് സി പി എം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് പാര്‍ട്ടി വ്യക്‍തമാക്കുന്നു.
 
തരം‌താണ കളിക്ക് നില്‍ക്കുന്നവര്‍ ഇത് കേരളമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്ന് സി പി എം പ്രതികരിച്ചു. ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുതെന്നും തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധഃപതിച്ചിരിക്കുകയാണെന്നും പാര്‍ട്ടി വ്യക്‍തമാക്കി. 
 
മജിസ്ട്രേറ്റിന് പ്രതികളിലൊരാള്‍ നല്‍കിയ രഹസ്യമൊഴി എന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്‍റെ ഉദ്ദേശം എല്ലാവര്‍ക്കും മനസിലാകുന്നതാണെന്നും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗമാണ് ഇവിടെ നടക്കുന്നതെന്നും സി പി എമ്മിന്‍റെ പ്രസ്താവനയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article