കോന്നിയില്‍ കൊമ്പുകോര്‍ക്കാന്‍ ആരൊക്കെ, വമ്പന്‍‌മാര്‍ വരുമോ?

Webdunia
ബുധന്‍, 29 മെയ് 2019 (16:58 IST)
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അടൂര്‍ പ്രകാശ് എന്ന കോണ്‍ഗ്രസിലെ അതികായന്‍ കൈവശം വച്ചിരുന്ന കോന്നി നിയമസഭാ മണ്ഡലം അദ്ദേഹം ലോക്സഭാ എം പി ആയതോടെ ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. മൂന്നുമുന്നണികളില്‍ നിന്നും ആരൊക്കെയായിരിക്കും സ്ഥാനാര്‍ത്ഥികളായി എത്തുക എന്നതില്‍ ചൂടേറിയ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പല പേരുകളും ഇതിനോടകം തന്നെ ഉയര്‍ന്നുകേട്ടുകഴിഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി മുന്നണികള്‍ തീവ്രശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 
 
വര്‍ഷങ്ങളായി അടൂര്‍ പ്രകാശ് ജയിച്ചുവരുന്ന മണ്ഡലമാണിതെങ്കിലും ശക്തമായ ഇടതുപക്ഷ വേരോട്ടമുള്ള മണ്ണാണ് കോന്നിയിലേത്. സി പി എമ്മിലെ പല പ്രമുഖരും ഇവിടെ എം‌എല്‍‌എമാര്‍ ആയിരുന്നിട്ടുണ്ട്.
 
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പല പേരുകളും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാന പേരുകാരന്‍ പത്തനംതിട്ട മുന്‍ ഡി സി സി അധ്യക്ഷന്‍ പി മോഹന്‍‌രാജ് ആണ്. പലതവണ മോഹന്‍‌രാജിനെ പരിഗണിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ സീറ്റ് നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് ഇത്തവണ സീറ്റുനല്‍കണമെന്ന ഒരു വികാരം കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നുണ്ട്.
 
നിലവിലെ ഡി സി സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, കെപിസിസി സെക്രട്ടറി പഴകുളം മധു എന്നിവരും കോന്നിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കപ്പെടുന്ന പട്ടികയിലുണ്ട്. കോന്നി മണ്ഡലത്തില്‍ പെട്ട ആളാണെന്നുള്ളതാണ് ബാബു ജോര്‍ജ്ജിന്റെ സവിശേഷത. കോന്നി മണ്ഡലത്തിലെ തണ്ണിത്തോട്ടില്‍ നിന്നാണ് പഴകുളം മധു കെ പി സി സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 
 
ഇടതുമുന്നണിയും വമ്പന്‍‌മാരെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ എന്‍ ബാലഗോപാല്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. ആര്‍ സനല്‍കുമാര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സി പി എം പരിഗണിക്കുന്ന പ്രമുഖര്‍. ബാലഗോപാലും ഉദയഭാനുവും കോന്നി മണ്ഡലത്തിലെ താമസക്കാരാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിച്ച ബാലഗോപാല്‍ മുമ്പ് രാജ്യസഭാ എം‌പിയായിരുന്നു. കോന്നി മണ്ഡലത്തിലെ സംഘടനാബന്ധങ്ങള്‍ ഉദയഭാനുവിന് തുണയാകുമെന്ന വിലയിരുത്തലും സി പി എമ്മിനുണ്ട്.
 
കഴിഞ്ഞ തവണ കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ മത്സരിച്ച സനല്‍കുമാറിനെ തന്നെ വീണ്ടും കളത്തിലിറക്കിയാല്‍ പരിചിതമുഖം എന്ന പരിഗണന വോട്ടര്‍മാര്‍ നല്‍കുമെന്ന് സി പി എം വിലയിരുത്തുന്നു. ഇത്തവണ വീണാ ജോര്‍ജ്ജ് നേടിയതിനേക്കാള്‍ 6000 വോട്ട് അധികം സനല്‍കുമാര്‍ മത്സരിച്ചപ്പോള്‍ കോന്നി മണ്ഡലത്തില്‍ നേടിയിരുന്നു എന്നതും സനലിനെ പരിഗണിക്കുന്നതിന് കാരണമാണ്. പരാജയപ്പെട്ടെങ്കിലും കോന്നി മണ്ഡലത്തിലെ സജീവ സാന്നിധ്യമായി തുടര്‍ന്നതും സനല്‍കുമാറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
 
എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ വന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി വരുന്നില്ല എങ്കില്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനടയ്ക്കാണ് സാധ്യത. ആറന്‍‌മുള മണ്ഡലത്തില്‍ പെട്ട കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് അശോകന്‍ കുളനട.

അനുബന്ധ വാര്‍ത്തകള്‍

Next Article