ഏഷ്യയിലെ നൊബേല്‍ എന്നറിയപ്പെടുന്ന മഗ്‌സസെ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലെ ജാതിവെറിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ്. കര്‍ണാടക സംഗീതത്തിലെ യുവ വായ്പാട്ടുകാരന്‍ തൊഡൂര്‍ മാഡബുസി കൃഷ്ണ എന്ന ടിഎം കൃഷ്ണയ്ക്കും കര്‍ണാടകയിലെ സഫായി കര്‍മചാരി ആന്ദോളന്‍ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബെസ് വാദ വില്‍സണുമാണ് ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹരായത്.
കര്‍മമേഖലകള്‍ വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലെ ജാതിവെറിയ്ക്കും ദളിത് വേര്‍തിരിവിനെതിരെയുമാണ് ഇരുവരും പോരാടിയത്. തമിഴ്‌നാട്ടിലെ ഉന്നത കുടുംബത്തില്‍ ജനിച്ച കൃഷ്ണയും കര്‍ണാടകയിലെ ദലിത് കുടുംബത്തില്‍ ജനിച്ച വില്‍സണും ജാതീയതയുടെ പേരില്‍ പാര്‍ശ്വവത്കരിക്കുന്നവര്‍ക്കായി ശബ്ദമുയര്‍ത്തി. മാനുഷിക മഹത്വത്തിനായുള്ള പരിശ്രമങ്ങള്‍ക്ക് ബെസ് വാദ വില്‍സണും സാസ്‌കാരിക മേഖലയ്ക്ക് നല്‍കിയ സാമൂഹിക സംഭാവനകള്‍ കണക്കിലെടുത്ത് ടിഎം കൃഷ്ണയും മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരായി.
കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ടിഎം കൃഷ്ണ. പ്രശസ്ത സംഗീതഞ്ജന്‍ ശെമ്മാങ്കുടിയുടെ ശിഷ്യനായ ടിഎം കൃഷ്ണ സംഗീത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചനയിലും അധ്യാപന രംഗത്തും കഴിവു തെളിയിച്ചു. ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്തെ യുവാക്കളില്‍ ശ്രദ്ധേയനായ ടിഎം കൃഷ്ണ സംഗീതരംഗത്തെ ജാതിവേലി തകര്‍ത്തില്ലെങ്കില്‍ പ്രസിദ്ധമായ ചെന്നൈ സംഗീതോത്സവത്തില്‍ പാടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
മാര്‍ഗഴി മാസത്തില്‍ ചെന്നൈയിലെ സംഗീതസഭകളില്‍ നിന്ന് വിട്ടു നിന്ന കൃഷ്ണ സംഗീതവുമായി മറീന ബീച്ചിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്കാണ് പോയത്. സംഗീതോത്സവം അരങ്ങേറുമ്പോള്‍ അതേ സമയം കടലോരത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി സംഗീതകച്ചേരി നടത്തി തന്റെ പ്രതിഷേധം അറിയിച്ചു. എല്ലാവര്‍ഷവും ഇത് തുടരുമെന്നും കൃഷ്ണ പറഞ്ഞു. ജാതിവെറിയ്‌ക്കെതിരെയുള്ള തന്റെ കാഴ്ചപാടുകളും വീക്ഷണങ്ങളും ഒരു ദക്ഷിണേന്ത്യന്‍ സംഗീതം: കര്‍ണാടക കഥ എന്ന ഗ്രന്ഥത്തില്‍ കൃഷ്ണ വിശദമാക്കുന്നുണ്ട്. ഈ പുസ്തകം പ്രകാശനം ചെയ്തത് നൊബേല്‍ പുരസ്‌കാര ജേതാവായ അമര്‍ത്യസെന്നായിരുന്നു. യുപിയിലെ ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്ന കുറ്റം ചുമത്തി മുഹമ്മദ് അഖ്‌ലാഖിനെ വര്‍ഗ്ഗീയവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ നിശബ്ദത വെടിയെണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തുറന്ന കത്തെഴുതി.
കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയില്‍ പരമ്പരാഗതമായി തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ദളിത് കുടുംബത്തില്‍ പിറന്ന വില്‍സണ്‍ സ്വന്തം കുടുംബത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആദ്യ വ്യക്തിയായിരുന്നു. തന്റെ മാതാപിതാക്കള്‍ തോട്ടിപണിയെടുക്കന്നത് കണ്ടാണ് വളര്‍ന്നത്. മികച്ച വിദ്യാഭ്യാസം നേടിയിട്ടും വില്‍സണെ തോട്ടിയെന്ന പേര് പിന്തുടര്‍ന്നു. തോട്ടിപണി നിയമം മൂലം നിരോധിച്ചിട്ടും ദളിതര്‍ ഈ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതിനെ വില്‍സണ്‍ എതിര്‍ത്തു. മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യുന്ന ജോലിയിലേര്‍പ്പെടുന്ന ശുചീകരണത്തൊഴിലാളികള്‍ക്കു വേണ്ടി സഫായി കര്‍മചാരി ആന്ദോളന് തുടക്കമിട്ടു. പിന്നീടുള്ള 32 വര്‍ഷങ്ങള്‍ ഇന്ത്യയിലെ ദളിതര്‍ക്ക് വേണ്ടി വില്‍സണ്‍ പോരാടി.
അന്തസ്സോടെയുള്ള ജീവിതമെന്ന ഒഴിവാക്കാനാവാത്ത മനുഷ്യാവകാശത്തിനു വേണ്ടി നിലകൊണ്ട ബെസ് വാദാ വില്‍സണും. സംസ്‌കാരത്തില്‍ സാമൂഹിക ഉള്‍പ്പെടുത്തല്‍ കൂടി കൊണ്ടുവന്ന ടിഎം കൃഷ്ണയും സത്യത്തില്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.