ഈ ആരോപണങ്ങള്‍ക്ക് എതിരെ വി എസിന്റെ മകന്‍ ജയ്‌ഹിന്ദിനും എം എം ഹസ്സനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. പക്ഷേ, ഇതിനിടയില്‍ ഇടതുമുന്നണിയില്‍ നിന്നുതന്നെ ഉയര്‍ന്ന ഒരു ചോദ്യം യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2003ല്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്നത് യു ഡി എഫാണ്. ഇങ്ങനെയൊരു അഴിമതി നടന്നിരുന്നെങ്കില്‍ അന്ന് അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു. യു ഡി എഫ് നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്നത് കൊണ്ട് അതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയായിരുന്നു ഈ ആരോപണം എന്നാണ് ഭരണപക്ഷം ഉന്നയിച്ചത്. പക്ഷേ, താല്‍ക്കാലികമായി തീര്‍ത്ത ഈ പ്രതിരോധത്തെയും കീറിമുറിച്ച് വി എസിന്റെ മകനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ കത്തിപ്പടരുകയാണ്.
ആയുധം സിനിമയുടെ സംവിധായന്‍ എം എ നിഷാദ് രംഗത്തു വന്നതാണ് സംഭവത്തിന്റെ ഏറ്റവും പുതിയ ‘ഡെവലപ്മെന്റ്’. മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അരുണ്‍ കുമാറിന്റെ അറിവോടെയാണ് സിനിമ എടുത്തതെന്നും അരുണ്‍ കുമാര്‍ സിനിമയില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞ നിഷാദ് പക്ഷേ ഒരു ഒളിയമ്പ് എയ്തു. സിനിമയുടെ നിര്‍മ്മാതാവ് ഷെഫീഖിനെ പരിചയപ്പെടുത്തി തന്നത് അരുണ്‍കുമാറാണ്. പക്ഷേ, പിന്നീട് ഒരിക്കലും ഷെഫീഖിനെ താന്‍ കണ്ടിട്ടില്ലെന്നും നിഷാദ് പറഞ്ഞതോടെ വെട്ടിലായിരിക്കുന്നത് അരുണ്‍ കുമാറാണ്.
2006 നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആഭ്യന്തരവകുപ്പ് വിട്ടുകൊടുത്ത മുഖ്യമന്ത്രി പക്ഷേ ഐ ടി വകുപ്പ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഐ ടി വകുപ്പ് അച്യുതാനന്ദന്റെ കൈയിലാണെങ്കിലും അതിന്റെ പിന്നാമ്പുറങ്ങളില്‍ മേയുന്നത് അരുണ്‍ കുമാറാണ് എന്നാണ് ശത്രുപാളയത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. അരുണ്‍കുമാറിന്റെ മക്കാവ് ദ്വീപ് യാത്രയും ഇതിനോട് ബന്ധപ്പെടുത്തി വായിക്കേണ്ടതാണ് എന്നാണ് സൂചനകള്‍. അനുമതിയില്ലാതെ അരുണ്‍ കുമാര്‍ വിദേശയാത്രകള്‍ നടത്തിയത് സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഇടപെടാനായിരുന്നെന്നും ആരോപണമുണ്ട്. ചൂതാട്ടവും വെള്ളമടിയും മസാജ് പാര്‍ലറുകളും നടക്കുന്ന മക്കാവ് ദ്വീപില്‍ വെച്ചായിരുന്നോ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഇടപെടാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചത്. ടീകോം സി ഇ ഒ ഫരീദ് അബ്‌ദു റഹ്മാന്‍ കള്ളുകുടിച്ച് ഉറങ്ങുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേണമെങ്കില്‍ ഈ രീതിയിലൊക്കെ കൂട്ടി വായിക്കാവുന്നതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ എച്ച് ആര്‍ ഡി ജോയിന്റ് ഡയറക്ടര്‍ എന്ന നിലയില്‍ അരുണ്‍കുമാര്‍ എത്ര തവണ വിദേശയാത്ര നടത്തിയെന്ന് വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. വ്യാജരേഖയുണ്ടാക്കിയാണ് അരുണ്‍ കുമാര്‍ ഐ എച്ച് ആര്‍ ഡിയില്‍ നിയമനം നേടിയതെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കൂടാതെ, അരുണ്‍ കുമാര്‍ കയര്‍ഫെഡ് എം ഡിയായിരിക്കെ 14 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു.
അടുത്ത പേജില്‍ വായിക്കുക, ‘മകന്‍ ഗോള്‍ഫ് ക്ലബ് അംഗം, മരുമകള്‍ ലോട്ടറി ബോര്‍ഡ് അംഗം’
ഗോള്‍ഫ് ക്ലബിലുമുണ്ട് അരുണ്‍ കുമാറിന്റെ വിളയാടലുകളുടെ നീണ്ട പട്ടിക. സി പി എം അംഗമായിരിക്കേ ഗോള്‍ഫ് ക്ലബില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് അരുണ്‍ കുമാര്‍ അംഗത്വമെടുത്തത്. ഗോള്‍ഫ് ക്ലബ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിലുള്ള 600 അംഗങ്ങളെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതും വിവാദമായിരുന്നു. ക്ലബ് ഏറ്റെടുത്തതിനുശേഷം അംഗങ്ങളെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് കോടതിയും സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ മകനെന്ന നിലയില്‍ അരുണ്‍ കുമാര്‍ ചെയ്തു കൂട്ടിയതും ചെയ്യാന്‍ ശ്രമിച്ചതുമായ നിരവധി അഴിമതികളുടെ നീണ്ട കണക്കുമായി പ്രതിപക്ഷം വീണ്ടും വീണ്ടും സജീവമാകുകയാണ്. കണ്ണൂരില്‍ 1500 കോടി മുടക്കി താപവൈദ്യുത നിലയം തുടങ്ങാന്‍ വന്ന വ്യവസായിയായ കെ പി പി നമ്പ്യാരോട് അരുണ്‍കുമാര്‍ 75 കോടി രൂപ കോഴ ചോദിച്ചുവെന്നാണ് പുതിയ ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന നമ്പ്യാരുടെ ആത്മകഥയുടെ ആദ്യ പതിപ്പില്‍ ഇക്കാര്യം ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സി പി എം നേതൃത്വത്തിനും പിണറായി വിജയനും പോളിറ്റ് ബ്യുറോയിലും പരാതി ചെല്ലുകയും ചെന്നിരുന്നു. എന്നാല്‍, സി പി എം നേതൃത്വം ഇടപെട്ട് പുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കുകയായിരുന്നു.
പ്ലേവിന്‍ ലോട്ടറിയുമായി അരുണ്‍ കുമാറിനുള്ള ബന്ധമാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. അരുണ്‍ കുമാറിന്റെ ഭാര്യ പ്ലേവിന്‍ ലോട്ടറിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ മരുമകള്‍ രജനി ഡയറക്ടറായ ചെറി എന്‍റര്‍പ്രൈസസ് എന്ന കമ്പനി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്ന സ്ഥാപനമായിരുന്നു. എന്നാല്‍, അത് സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന സ്ഥാപനമാണെന്ന് അരുണ്‍കുമാര്‍ പറയുന്നത്. കേരളത്തില്‍ കാമ്പസ് സ്ഥാപിക്കുവാന്‍ ഇന്‍ഫോസിസുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ കരാര്‍ ഏറ്റുവാങ്ങാനും ടീകോം അധികൃതരെ സ്വീകരിക്കാന്‍ പോയതും അരുണ്‍ കുമാറാണ്. അരുണ്‍ കുമാറിന് എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ചുരുക്കത്തില്‍, കേരളത്തിലെ അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും ജയിലിലടയ്ക്കുമെന്ന് കേരള ജനത പ്രതീക്ഷിച്ചിരിക്കുന്നത് വി എസിലാണ്. മുഖം നോക്കാതെയുള്ള വി എസിന്റെ നടപടികളായിരുന്നു കേരളജനതയെ അത്തരമൊരു പ്രതീക്ഷയിലേക്ക് ഉയര്‍ത്തിയത്. ബാലകൃഷ്ണ പിള്ള ജയിലില്‍ പോകുകയും ചെയ്തതോടെ ആ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തിരുന്നു. പക്ഷേ, വി എസ് ആരാധകര്‍ കേരള രാഷ്‌ട്രീയത്തെ ഇപ്പോള്‍ അല്പം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മകന്‍ ചെയ്തു കൂട്ടിയ ചെയ്തികള്‍ കാരണം അവസാനപ്രതീക്ഷയും ഇല്ലാതാകുമോ എന്ന ഭീതികലര്‍ന്ന വീക്ഷണം.