ഹസാരെയെ പറ്റി നിങ്ങളെന്ത് പറയുന്നു?

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2011 (18:27 IST)
PRO
PRO
സമ്പന്ന രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന നമ്മുടെ ഇന്ത്യയിന്ന് അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും പെട്ട് ഉഴലുകയാണ്. ‘കിമ്പളം’ നല്‍‌കിയില്ലെങ്കില്‍ ഫയല്‍ ചുവപ്പുനാടയിട്ട് മേശക്കുള്ളിലേക്ക് തള്ളുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടുംബത്തിനും ബന്ധുക്കള്‍ക്കും വേണ്ടി എന്ത് ‘തീവെട്ടിക്കൊള്ള’യും ചെയ്യാന്‍ അറപ്പില്ലാത്ത രാഷ്ട്രീയക്കാര്‍, ഇവരുമായി ചേര്‍ന്ന് നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍. വൃത്തികെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളും ഇന്ത്യയും കടന്നുപോകുന്നത്.

എല്ലാം സര്‍ക്കാര്‍ ചെയ്യും എന്നാണ് പലപ്പോഴും നമ്മള്‍ കരുതുന്നത്. ഇപ്പൊഴത്തെ അവസ്ഥ മാറ്റാന്‍ പറ്റില്ലെന്നും നമ്മള്‍ ധരിച്ച് വശായിരിക്കുന്നു. അഴിമതിയില്ലാത്ത ഇന്ത്യ എന്ന ആശയം നമ്മളൊക്കെ സ്വപ്നം കാണുമ്പോള്‍ ഗാന്ധിയനായ അണ്ണാ ഹസാരെ ശ്രമിക്കുന്നത് ആ സ്വപ്നം പ്രാവര്‍ത്തികമാക്കാനാണ്. തുടക്കത്തില്‍ ഹസാരെക്ക് വേണ്ടത്ര പൊതുജനശ്രദ്ധ കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ജനത മുഴുവനും ആശയോടെ ഉറ്റുനോക്കുന്നത് സഹാരെയിലേക്കാണ്.

ഹസാരെയുടെ സമരം ‘അരാഷ്ട്രീയം’ ആണെന്നും ‘അമേരിക്ക’യാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ കാണാതെ പോകുന്നത് അവസാനത്തെ ഗാന്ധിയനായ ഹസാരെ നമുക്ക് തരുന്ന ‘പ്രതീക്ഷയുടെ കച്ചിത്തുരുമ്പാ’ണ്. ഹസാരെ ഉയര്‍ത്തിയിരിക്കുന്ന ഈ തിരി നമ്മള്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ അഴിമതിയുടെ ഘോരാന്ധകാരത്തിലേക്ക് ഇന്ത്യ നടന്നുകയറും. അതുണ്ടാവാതിരിക്കാന്‍ നമുക്കും നമ്മുടെ ചെറുവിരല്‍ ഉയര്‍ത്തേണ്ടേ?

അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് മാധ്യമങ്ങള്‍ക്കൊപ്പം വെബ്‌ദുനിയ മലയാളവും കൈകോര്‍ക്കുകയാണ്. വായനക്കാരെയും ഞങ്ങള്‍ ഈ സമരത്തില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നു. ഇതിന്റെ മുന്നോടിയായി, അണ്ണാ ഹസാരെയുടെ സമരത്തെ പറ്റി പ്രിയ വായനക്കാര്‍ എന്ത് കരുതുന്നു എന്നറിയാന്‍ ഒരു സര്‍‌വേ ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. താഴെ നല്‍‌കിയിട്ടുള്ള ലിങ്കില്‍ ക്ലിക്കുചെയ്തുകൊണ്ട് വായനക്കാര്‍ക്ക് ഈ സര്‍‌വേയില്‍ പങ്കെടുക്കാം. 27.08.2011 ശനിയാഴ്ച വൈകുന്നേരം ആറുമണിവരെ ഈ സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്.

സര്‍‌വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.

വെബ്ദുനിയ മലയാളം ടീം