മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് വെബ്‌ദുനിയക്ക് ലഭിച്ചു.
ഇടതുമുന്നണി ഭരണത്തിനെതിരെ ഉണ്ടായ എല്ലാ വിമര്‍ശനങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയാണെന്നാണ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. ലാവ്‌ലില്‍ കേസില്‍ പിണറായി വിജയനെ സംരക്ഷിക്കുന്ന പരസ്യ നിലപാട് വി എസ് സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
സി പി എമ്മിനുള്ളിലെ ചേരിപ്പോരുകള്‍ക്ക് വ്യക്തമായ തെളിവു നല്‌കുന്ന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ എക്സ്ക്ലൂസീവ് ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു. റിപ്പോര്‍ട്ടിലെ പാരഗ്രാഫുകളുടെ നമ്പരാണ് ഇടതു വശത്ത് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഏകപക്ഷീയ നിലപാട് 2.18 തെരഞ്ഞെടുപ്പില്‍ എ.ഡി.എഫിന് വന്‍ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ സ.വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആകണമെന്ന് പി.ബി. തീരുമാനിച്ചു. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി സഖാക്കള്‍ കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, എം.എ ബേബി, പി.കെ.ഗുരുദാസന്‍, പി.കെ. ശ്രീമതി, തോമസ് ഐസക്ക്, എ.കെ.ബാലന്‍, എം.വിജയകുമാര്‍, എസ്.ശര്‍മ്മ, എളമരം കരീം, ജി.സുധാകരന്‍ എന്നിവരെ മന്ത്രിമാരായി തീരുമാനിച്ചു.
വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയറ്റിനെ ചുമതലപ്പെടുത്തിയതനുസരിച്ച് നടത്തിയ വകുപ്പ് വിഭജനത്തില്‍ പിന്നീട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. സെക്രട്ടറിയറ്റ് തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ച് ഏകപക്ഷീയമായ നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് സ:വി.എസ്. സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം പി.ബി കൂടി ചര്‍ച്ച ചെയ്തശേഷം പരിഹരിക്കപ്പെട്ടു.
വി എസിന് വേണ്ടി തടിച്ചു കൂടിയത് തെറ്റ് 2.19 കന്‍റോണ്‍മെന്‍റ് ഹൌസിന്‍റെ വളപ്പില്‍ തടിച്ചുകൂടിയവര്‍ സംഘര്‍ഷ നിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കുകയും എ.കെ.ജി സെന്‍ററിനു മുന്നിലെക്ക് പ്രകടനം നടത്തുകയും ചെയ്ത സംഭവം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കെട്ടുറപ്പിനും ഐക്യത്തിനും നേരെ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണങ്ങളില്‍ ഒന്നായിരുന്നു.
പാര്‍ട്ടിയുടെ സല്‍പ്പേരിനും കമ്മ്യൂണിസ്റ്റ് അച്ചടക്കത്തിനും അവമതിപ്പുണ്ടാക്കിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടപടി എടുക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സഖാക്കള്‍ക്ക് തെറ്റുതിരുത്താന്‍ അവസരം ഒരുക്കുന്ന സമീപനമാണ് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്.
വിഎസിന്‍റെ പരസ്യ പ്രതികരണം പ്രശ്നം 2.19 എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് ആദ്യത്തെ ആറുമാസം പൂര്‍ത്തിയാക്കുമ്പോള്‍ ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരസ്യ പ്രതികരണമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
ഒരു പ്രശ്നം എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണ വിഷയമായിരുന്നു. പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം എടുത്ത തീരുമാനം വിശദീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി “ഇക്കാര്യത്തില്‍ എന്‍റെ അഭിപ്രായം ഞാന്‍ പിന്നീട് പറയാം” എന്ന വി.എസിന്‍റെ പ്രതികരണം വലിയ ആശയക്കുഴപ്പവും പ്രത്യാഘാതവും ഉണ്ടായ ി.
കോടിയേരിയെ വി എസ് മറികടന്നു 2.20 മറ്റൊരു പ്രശ്നം ആന്‍റി പൈറസി സെല്‍ സംബന്ധിച്ചതാണ്. ആന്‍റ് പൈറസി സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ഐ.ജിയെ ഡി.ജി.പി മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നം വലിയ തോതിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചു.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ തലയ്ക്ക് മുകളിലൂടെ മുഖ്യമന്ത്രി വി.എസ്.ഇടപെടുകയും ഡി.ജി.പി യെ വിളിപ്പിക്കുകയും ശാസിക്കുകയും ഉത്തരവ് നല്‍കുകയും ചെയ്ത നടപടി ഗവണ്‍മെന്‍റിന്‍റെ യശസ്സിന് വന്‍തോതില്‍ ഇടിവ് പറ്റുന്നതിനിടയാക്കി.
ഇതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ സ:വി.എസ്. നടത്തിയ പത്രസമ്മേളനത്തില്‍ ഗവണ്‍മെന്‍റ് അഴിമതിയിലേക്ക് കൂപ്പുകുത്തുന്നു എന്ന് പ്രസ്താവിച്ചത് മറ്റൊരു വിവാദമായിത്തീര്‍ന്നു.
വി എസ് എ.ഡി.ബിക്ക് പാര വച്ചു 2.21 എ.ഡി.ബി വായ്പയുമായി ബന്ധപ്പെട്ട് താന്‍ അറിയാതെയാണ് എ.ഡി.ബി വായ്പ സംബന്ധിച്ച തീരുമാനം എടുത്തത് എന്ന സ: വി.എസിന്‍റെ പരസ്യ നിലപാട് മറ്റൊരു വിവാദമായി. എ.ഡി.ബി വായ്പയുടെ പ്രശ്നം യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍റെ അധികാരത്തിലിരിക്കുന്ന ഘട്ടത്തിലാണ് പാര്‍ട്ടി ആദ്യം ചര്‍ച്ച ചെയ്തത്.
പാര്‍ട്ടി നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നേരത്തെ ഉണ്ടായിരുന്ന വായ്പയുടെ വ്യവസ്ഥകള്‍ പലതും മാറിയ സാഹചര്യത്തില്‍ വീണ്ടും പാര്‍ട്ടി അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. വായ്പ എടുക്കാം എന്ന് പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് സ: വി.എസ് പിന്നീട് ഒരു കുറിപ്പ് നല്‍കി. അതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചര്‍ച്ച ചെയ്ത് വായ്പ എടുക്കാം എന്ന് തീരുമാനിച്ചു.
ഇതെല്ലാം കഴിഞ്ഞതിനുശേഷമാണ് താന്‍ അറിയാതെയാണ് തീരുമാനം എന്ന പരസ്യനിലപാട് വി.എസ് സ്വീകരിച്ചത്. ഈ പ്രശ്നങ്ങള്‍ ആകെ പി.ബി യുടെ മുന്നില്‍ അവതരിപ്പിക്കുകയും വ്യക്തത ഉണ്ടാക്കുവാന്‍ പി.ബിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2007 ജനുവരി 4 ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോ വിവാദ പ്രശ്നങ്ങള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടാക്കാന്‍ ഒരു കുറിപ്പ് തയ്യാറാക്കുകയുണ്ടായി.
2.22 എ.ഡി.ബി വായ്പ സംബന്ധിച്ച് എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ അംഗീകാരത്തിനു കാത്തുനില്‍ക്കാതെ ഡല്‍ഹിയില്‍ റസിഡന്‍റ് കമ്മീഷണറെ ഗവണ്‍മെന്‍റിനു വേണ്ടി കരാറില്‍ ഒപ്പിടാന്‍ അധികാരപ്പെടുത്തിയ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നടപടി, നടപടിക്രമത്തിന്‍റെ ലംഘനമാണ്. ഇത് ചെയ്യരുതായിരുന്നു.
എ.ഡി.ബി വായ്പയെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ ചെയ്തത് സ: വി.എസിന്‍റെ ഭാഗത്തുള്ള തെറ്റായിരുന്നു. കരാര്‍ സംബന്ധിച്ച് എല്ലാ നടപടികളും കൈക്കൊണ്ടിരുന്നു എന്ന് സഖാക്കള്‍ പാലോളിയും ഐസക്കും സ്വയം ചുമതല എടുത്ത് പ്രഖ്യാപിച്ചത് അനാവശ്യമായിരുന്നു. പി.ബി രണ്ട് കാര്യങ്ങള്‍ കൂടി ഇത് സംബന്ധിച്ച് വ്യക്തമാക്കി.
ഒന്നാമത്, പാര്‍ട്ടി സെക്രട്ടറിയറ്റ് 2005 നവംബറിലും 2006 ജനുവരിയിലും ചര്‍ച്ച ചെയ്ത വായ്പ എടുക്കാന്‍ അനുവാദം നല്‍കിയിരുന്നു എന്ന് വ്യക്തമാക്കി. രണ്ടാമത്, എല്‍.ഡി.എഫ് ഗവണ്‍മെന്‍റ് നിലവില്‍വന്നശേഷം കരാറിന് അനുവാദം നല്‍കുന്നതിനുള്ള നടപടിക്രമം നടപ്പാക്കപ്പെട്ടില്ല.
വിഎസിനും പിണറായിക്കും ഉറ്റബന്ധമില്ല 2.23 പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത പി.ബി പരസ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടി സഖാക്കളുടെ ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നതായി കാണുകയുണ്ടായി. സഖാക്കള്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ പരസ്പരവിശ്വാസത്തിന്‍റെയും ഉറ്റബന്ധത്തിന്‍റെയും പോരായ്മയുണ്ട്. അവര്‍ ഇരുവരും പാര്‍ട്ടിയുടെ താത്പര്യങ്ങളെ പരമമായി കാണുകയും അവയ്ക്ക് തങ്ങളുടെ വ്യക്തിഗത വീക്ഷണങ്ങളെ കീഴ്പ്പെറ്റുത്തുകയും തങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയും വേണം.
2.24. ഗവണ്‍മെന്‍റിന്‍റെ യശസ്സിന് ക്ഷതമേല്‍പ്പിക്കുകയും അഭിപ്രായവ്യത്യാസങ്ങളെ മൂര്‍ച്ഛിപ്പിക്കുകയും ചെയ്ത ചില പരസ്യ പ്രസ്താവനകളുടെ പേരില്‍ സ: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോ താക്കീത് ചെയ്തു. മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും പാര്‍ട്ടിയും ഗവണ്‍മെന്‍റും തമ്മിലുള്ള ഏകോപനത്തെ സഹായിക്കാനും സ: വി.എസിനോട് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിക്കുകയുണ്ടായി.
പിണറായിക്കും പോരായ്മ 2.25 പാര്‍ട്ടിയും ഗവണ്‍മെന്‍റും തമ്മിലുള്ള ഏകോപനത്തിനുള്ള അഞ്ചംഗ ഗ്രൂപ്പിനെ പ്രവര്‍ത്തിപ്പിക്കുക എന്ന കടമ സ: പിണറായി വിജയനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഈ ഗ്രൂപ്പിന്‍റെ ക്രമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വേണ്ടത്ര പ്രവര്‍ത്തനം അദ്ദേഹം നടത്തിയിട്ടില്ല. പൊതു നിലപാടുകളില്‍ എത്തുന്നതില്‍ സ: അച്യുതാനന്ദനുമായി കൂടിയാലോചിക്കാനും അദ്ദേഹത്തെ അതിലേക്ക് ആകര്‍ഷിക്കുന്നതിലും സ: വിജയന്‍റെ ഭാഗത്ത് മുന്‍കൈയിന്‍റെ പോരായ്മയുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണം.
2.26 എ.ഡി.ബി വായ്പയെ സംബന്ധിച്ച് സഖാക്കള്‍ തോമസ് ഐസക്കും പാലോളി മുഹമ്മദ്കുട്ടിയും പത്രപ്രസ്താവനകള്‍ ചെയ്തു. അത് അവരെ മുഖ്യമന്ത്രിയുടെ നിലപാടുകളുമായി തുറന്ന സംഘട്ടനത്തില്‍ എത്തിച്ചു. അവര്‍ അങ്ങനെ ചെയ്യരുതായിരുന്നു. അവരെ വിമര്‍ശിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ മന്ത്രിസഭ കൂട്ടുത്തരവാദിത്തമുള്ള ഒരു സംഘമായി പ്രവര്‍ത്തിക്കുന്നതിന് തങ്ങളുടേതായ സംഭാവന അവര്‍ ചെയ്യും എന്ന് പി.ബി പ്രതീക്ഷിക്കുന്നു.
2.28 പോളിറ്റ് ബ്യൂറോവിന്‍റെ ആധികാരികതയെ ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തിലാണ് രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെയും മാധ്യമങ്ങളോടുള്ള പരസ്യ പ്രതികരണം വന്നത്. രണ്ടുപേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്ന തരത്തിലാണ് പരസ്യ പ്രസ്താവനകള്‍ രണ്ടുപേരും നടത്തിയത്. ഇത് പി.ബിയുടെ ആധികാരികതയെയും അച്ചടക്കത്തെയും ചോദ്യം ചെയ്യലാണെന്ന് ഇക്കാര്യം പരിശോധിച്ച പി.ബി കണ്ടെത്തി.
അതിന്‍റെ ഭാഗമായി സഖാക്കള്‍ വി.എസ്.അച്യുതാനന്ദനെയും പിണറായി വിജയനെയും പി.ബിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുവാന്‍ 2007 മെയ് 25, 26 തീയതികളില്‍ ചേര്‍ന്ന പി.ബി. യോഗം തീരുമാനിച്ചു. 2007 ജൂണ്‍ 24 മുതല്‍ 26 വരെ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം പി.ബി. തീരുമാനം അംഗീകരിച്ചു. 2007 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം സഖാക്കളെ സസ്പെന്‍ഡ് ചെയ്ത നടപടി റിവ്യൂ ചെയ്യുകയും രണ്ടുപേരുടെയും പി.ബി.അംഗത്വം പുന:സ്ഥാപിക്കുകയും ചെയ്തു.
കിളിരൂര്‍ പ്രശ്നം 2.29 എല്‍.ഡി.എഫ് ഗവണ്‍മെന്‍റിനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ യു.ഡി.എഫ് അസംബ്ലിയില്‍ കിളിരൂര്‍ പ്രശ്നം ഉന്നയിക്കുകയും നേരത്തെ പരാമര്‍ശവിധേയമായ വി.ഐ.പി ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ ആണെന്നും ശ്രീമതി ടീച്ചര്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2.30 ഈ പ്രശ്നം യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവരന്‍ ശ്രമിച്ച സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. സഖാക്കള്‍ പി.കെ.ശ്രീമതിയും എം.സി.ജോസഫൈനും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയും എന്ന നിലയ്ക്ക് ആശുപത്രിയില്‍ ചെന്ന് കണ്ടത് സാമാന്യമര്യാദയും കടമയുമാണെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാണിച്ചു.
വി എസ് ശ്രീമതിയെ ന്യായീകരിച്ചില്ല അസംബ്ലിയില്‍ പ്രശ്നം ഉന്നയിച്ച് സംസാരിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്യുന്നിടംവരെയുള്ള നിലപാട് നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി വി.എസ്. എഴുന്നേറ്റ് സംസാരിച്ചു. സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്ന് മരണപ്പെട്ട ശാരിയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സീനിയര്‍ ഉദ്യോഗസ്ഥരെ അതിന് ചുമതലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ടെന്ന് വി.എസ്. പ്രസ്താവിച്ചു.
എന്നാല്‍, പ്രതിപക്ഷം ആരോപിച്ച വി.ഐ.പി ആരോപണത്തിന്, താന്‍ ഉദ്ദേശിച്ചത് ശ്രീമതി ടീച്ചറെ അല്ല എന്ന് മറുപടി നല്‍കാന്‍ വി.എസ്.തയ്യാറായില്ല. വി.ഐ.പി എന്ന നിലയ്ക്ക് ശ്രീമതിടീച്ചറെ ഞാന്‍ ഉദ്ദേശിച്ചില്ല എന്ന് സ:വി.എസ്.പറയാതിരുന്നത് പിന്നീട് വിവാദമായി.
ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യുകയും സ:വീസ് ഇതിനെക്കുറിച്ച് പ്രതികരിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ “ശ്രീമതി അല്ല വി.ഐ.പി” എന്ന് സഖാവ് വി.എസ് പ്രസ്താവിച്ചതോടെ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദം പൂര്‍ണ്ണമായും ചീറ്റിപ്പോയി.
പൊതുസമ്മേളനത്തിലെ അനിഷ്ട സംഭവങ്ങള്‍ 2.34 വന്‍വിജയമായ കോട്ടയം സമ്മേളനത്തിന് അപമാനം വരുത്തിവെച്ചത് പൊതുസമ്മേളന നഗരിയില്‍ ഏതാനും മദ്യപന്മാര്‍ അഴിഞ്ഞാടിയ സംഭവമാണ്. പാര്‍ട്ടിയുടെ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന രീതിയിലാണ് ഈ മദ്യപന്മാരുടെ കൂത്താട്ടമുണ്ടായത്. ഇതില്‍ നിന്നും പാര്‍ട്ടി എത്തിച്ചേരേണ്ട ഒരു അനുഭവപാഠമുണ്ട്. സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ഏതാനും മദ്യപന്മാര്‍ക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തിയ ക്രമം തെറ്റിച്ച് സ്റ്റേജിനടുത്ത് എത്താനായത് എങ്ങിനെയെന്നത് പരിശോധിക്കേണ്ടതാണ്.
ഇവരില്‍ ചിലരുടെ കൈയ്യില്‍ പാര്‍ട്ടി പതാകയും സ:വി.എസിന്‍റെ കളര്‍ഫോട്ടോയും ഉണ്ടായിരുന്നു. സ:വി.എസിന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ മുന്നോട്ട് തള്ളിക്കയറിയത്. ഏതെങ്കിലും പാര്‍ട്ടി ഘടകത്തിന് കീഴില്‍ സംഘടിതമായി വന്നവരായിരുന്നില്ല ഇവര്‍.
എന്നാല്‍ ഇവര്‍ക്കു തമ്മില്‍ വിവരങ്ങള്‍ കൈമാറാനുള്ള ചില അടയാളങ്ങളും അത്രത്തോളം സംഘടിത രൂപവും ഇവര്‍ക്കുണ്ടായിരുന്നു.
വിഎസിന്‍റെ ഫോട്ടോയുമായ് വന്നവര്‍ കുഴപ്പക്കാര്‍ സമ്മേളന സ്ഥലത്ത് പ്രത്യക്ഷത്തില്‍ അവര്‍ ഉപയോഗിച്ചുകണ്ടത് നല്ല നീളമുള്ള വടിയില്‍ കെട്ടിയ സാമാന്യത്തിലധികം വലിപ്പമുള്ള ഒരു പാര്‍ട്ടി പതാകയായിരുന്നു. ഇത് ഇടത്തോട്ടും വലത്തോട്ടും വീശി ഇതോടൊപ്പം ചേരേണ്ടവരെ പതാകയുള്ളിടത്ത് എത്തിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയടക്കമുള്ള കോട്ടയം ജില്ലയിലെ പാര്‍ട്ടി നേതാക്കന്മാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റുന്നതിന് ഇവര്‍ക്ക് മടിയുണ്ടായില്ല. യാതൊരു വിധ പാര്‍ട്ടി ബോധവും ഉള്ളവരായിരുന്നില്ല ഇവര്‍.
2.35 സാധാരണനിലയില്‍ ഇത്തരം ഒരു കൂട്ടമാളുകള്‍ കടക്കാന്‍ പാടില്ലാത്തിടത്ത് കടക്കാന്‍ സൌകര്യം കിട്ടിയത് ഇവര്‍ സ്വീകരിച്ച അടവ് കൊണ്ടാണ്. കൈയ്യില്‍ പതാകയും വി.എസിന്‍റെ ഫോട്ടോയും വി.എസിന് മുദ്രാവാക്യം വിളിയും ആകുമ്പോള്‍ ഇവരെ തടയേണ്ട വളണ്ടിയര്‍മാര്‍ അല്‍പ്പം അങ്കലാപ്പിലാവുന്നു. ഈ സൌകര്യമുപയോഗിച്ചാണിവര്‍ തള്ളിക്കയറിയത്. സ: വി.എസ് പ്രസംഗം ആരംഭിച്ചതോടെ മുന്നില്‍ വന്ന് ക്യാമ്പ് ചെയ്ത ഇക്കൂട്ടര്‍ തുള്ളിക്കൊണ്ട് ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം സദസ് ശാന്തമായി കേട്ടിരുന്നു.
സ:വി.എസ് സംസാരിക്കുമ്പോള്‍ മഴയുണ്ടായത് ചെറിയ പ്രയാസമുണ്ടാക്കിയെങ്കിലും സദസ് സഖാവിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇക്കൂട്ടരുടെ സദസ്സിന് ചേരാത്ത ബഹളമാരംഭിച്ചത്. ഒരു ഘട്ടത്തില്‍ സ്റ്റേജിലേക്ക് ഇവര്‍ കുപ്പി വലിച്ചെറിയുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മഹാസമ്മേളനം പത്തിരുനൂറ് പേര്‍ ചേര്‍ന്ന് അലങ്കോലപ്പെടുത്തുന്ന കാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നിസ്സഹായരായി കാണേണ്ടിവന്നു.
2.36 ഇത്തരമൊരപമാനം കേരളത്തിലെ പാര്‍ട്ടിക്ക് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലും ആവശ്യമാണ്. പാര്‍ട്ടി ഘടകങ്ങള്‍ സംഘടിപ്പിച്ചുവരുന്നവരല്ലാത്ത നല്ലൊരുഭാഗം ആളുകള്‍ ഇത്തരം റാലികളില്‍ പങ്കെടുക്കുക സ്വാഭാവികമാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഒരുങ്ങി പുറപ്പെട്ടവര്‍ പതാകയും ഫോട്ടോയുമേന്തി പ്രത്യേക മുദ്രാവാക്യം വിളിച്ച് തള്ളിക്കയറുകയാണ്.
പാര്‍ട്ടി പതാകയും നേതാവിന്‍റെ ഫോട്ടോയും കാണുമ്പോള്‍ വളണ്ടിയര്‍മാര്‍ക്ക് നിസ്സഹായത അനുഭവപ്പെടരുത്. പൊതു അച്ചടക്കത്തിന്‍റെ ഭാഗമായി അത്തരക്കാരെ മാറ്റുന്നതിന് ആവശ്യമായ ഇടപെടല്‍ വളണ്ടിയര്‍മാരുടെ ഭാഗത്തുനിന്നുണ്ടാവണം. ഓരോ പ്രദേശത്തുമുള്ള ഇത്തരം ആളുകളെ പാര്‍ട്ടിയുടെ പൊതു അച്ചടക്കത്തിന് വിധേയമാക്കി പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.