ധോനിക്ക് 3 കോടി, സച്ചിന് 3 കോടി, സേവാഗ് 2, ഗംഭീര്‍ 2, യുവിക്ക് 2 കോടിയും വീതം ഓരോരുത്തരുടെയും സര്‍ക്കാര്‍ നല്‍കും, ശ്രീശാന്തിന് 2 രൂപ നിരക്കില്‍ 25 കിലോ സ്പെഷ്യല്‍ പച്ചരി ആജീവനാന്തം നല്‍കുമെന്ന് മുഖ്യമന്ത്രി. ഇങ്ങനെ പോകുന്നു ലോകകപ്പ് കിരീട ധാരണത്തിന് ശേഷം പ്രചരിച്ച എസ്എംഎസുകള്‍. ലോകകപ്പ് ഫൈനലില്‍ കളിച്ച ഏക മലയാളി താരമെന്ന കീര്‍ത്തികേട്ട ശ്രീശാന്ത് ഇത്രയേറെ വിമര്‍ശിക്കപ്പെടേണടതുണ്ടോ?
എസ്എംഎസുകളിലും സാമൂഹിക വെബ്സൈറ്റുകളിലും നിറഞ്ഞു നിന്നത് അത്രക്കേറെ വിമര്‍ശന സ്വരങ്ങളാണ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ‘നോക്കുകൂലി‘ വാങ്ങിയ താരം ശ്രീശാന്താണെന്ന് വരെ മലയാളി ട്വിറ്ററിലും കുറുകി. കളിച്ചാലും കുറ്റം കളിച്ചില്ലെങ്കിലും കുറ്റം. കൊഞ്ഞനം കുത്തിയാല്‍ കുറ്റം. എതിരാളികളെ കടുപ്പിച്ചൊന്ന് നോക്കിയാല്‍ പോലും കുറ്റം. ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ കാലം മുതലേ കാര്യങ്ങള്‍ ഈ വിധമാണ്.
ആദ്യ കളിയിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ പുറത്തിരിക്കേണ്ടി വന്ന ശ്രീക്ക് പിന്നീട് ലഭിച്ച ഫൈനലില്‍ തിളങ്ങാനാവത്തതില്‍ അത്ഭുതമൊന്നുമില്ല. ശ്രീശാന്ത് മികച്ച രീതിയിലാണ് ആദ്യം പന്തെറിഞ്ഞത്, പക്ഷേ മൂന്നാം ഓവറില്‍ ശ്രീശാന്ത് രണ്ട് ബൗണ്ടറികള്‍ വിട്ടുകൊടുത്തു. ഏറെ സമ്മര്‍ദ്ദത്തിലായ എതിര്‍ ടീമിന്‍റെ സമ്മര്‍ദ്ദം കുറച്ചത് ഇദ്ദേഹമാണെങ്കിലും അത്ര മോശം പ്രകടനമൊന്നുമല്ല ഇദ്ദേഹവും കാഴ്ചവച്ചതെന്ന് നിസംശയം ആര്‍ക്കും പറയാന്‍ കഴിയും.
സൈമണ്ട്സിനോടും, ഹെയ്ഡനോടും, പോണ്ടിങ്ങിനോടും മാത്രമല്ല തന്‍റെ ബോള്‍ നേരിടുന്ന ആരോടും അപക്വമായി പെരുമാറുന്ന സ്വഭാവദൂഷ്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും പണ്ട് പ്രമുഖ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല തന്‍റെ ബോളില്‍ പുറത്തായപ്പോള്‍ ശ്രീ കാണിച്ച ‘പോക്കിരിത്തര‘മൊന്നും ഇപ്പോഴില്ല. ഐപിഎല്ലില്‍ ഹര്‍ഭജനില്‍ നിന്ന് കളിക്കു പുറമെ ‘അടി’ വാങ്ങിയതുമൊക്കെ പഴങ്കഥകള്‍. ഇദ്ദേഹവുമായുള്ള ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ചൊക്കെ ചോദിച്ചപ്പോള്‍ താന്‍ ‘സെലിബ്രിറ്റി ലൈഫ്’ ആസ്വദിക്കുകയാണെന്ന മറുപടിയും വിസ്മരിക്കുന്നില്ല.
48 പന്തില്‍ 52 റണ്‍ വഴങ്ങിയ തന്റെ പ്രകടനത്തെ ആളുകള്‍ കൊഞ്ഞനം കുത്തുന്നതില്‍ അല്പം കാവ്യനീതിയുടെ അംശമുണ്ട് എന്ന തിരിച്ചറിവിലേക്ക് ശ്രീശാന്തന്‍ വളര്‍ന്നിട്ടുണ്ടെന്നാണ് പൊതുവില്‍ സംസാരം. മികച്ച പ്രകടനം കൊണ്ട് ചരിത്രത്തില്‍ ഒരിടം നേടാനുള്ള അവസരത്തെ കൈയിലിരിപ്പുകൊണ്ട് ഇല്ലാതാക്കിയതായി ശ്രീക്കുതന്നെ തോന്നിയിട്ടുമുണ്ട്.
ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടെങ്കിലും ഇന്ത്യ കണ്ട മികച്ച പേസ് ബൌളര്‍ തന്നെയാണ് ശ്രീയെന്നതിന് സംശയമില്ല. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് ഇയാളെ അംഗീകരിക്കാന്‍ കഴിയാത്തത്? എപ്പോഴും ശ്രീശാന്തിനെ ഉയര്‍ത്തിക്കാട്ടാന്‍ മിടുക്കു കാട്ടുന്ന മലയാള പത്രം പോലും ഇതൊക്കെ വെറും ഭാഗ്യമാണെന്ന മട്ടില്‍ ‘ഭാഗ്യശ്രീയ്ക്ക് വരവേല്‍പ്പ്‘ എന്ന് തലക്കെട്ടിടേണ്ടി വന്നതെന്തുകൊണ്ടാണ്. ആരെയും അംഗീകരിക്കാന്‍ മനസ്സില്ലാത്ത മലയാളിയുടെ കേവല അസൂയ മാത്രമാണ് ഇതിന് പിന്നിലെന്ന് വിമര്‍ശനമുയര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.