കേന്ദ്ര കൃഷിമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) പ്രസിഡന്റുമായ ശരദ് പവാര്‍ രാഷ്ട്രീയം മതിയാക്കുന്നു. താന്‍ യുവരക്തത്തിന് വഴിമാറുകയാണെന്നും 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പവാര്‍ വ്യക്തമാക്കി. സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് 45 വര്‍ഷം തികയുകയാണ്. 1967-ലാണ് രാഷ്ട്രീയത്തില്‍ വന്നത്. ഭാഗ്യം കൊണ്ട് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും തോല്‍വി അറിഞ്ഞിട്ടില്ലെന്നും 72 -കാരനായ പവാര്‍ പറയുന്നു.
1999- ലാണ് കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. പ്രതിരോധമന്ത്രിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം മൂന്ന് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവത്തെ പവാര്‍ അഭിനന്ദിച്ചു. പക്ഷേ പരാജയം സംഭവിച്ചാല്‍ അത് രാഹുലിന്റെ തലയിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവാറിന്റെ മകള്‍ സുപ്രിയ സുലെ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്സഭാ എംപിയാണ്. അനന്തരവന്‍ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ്. തന്റെ പിന്‍ഗാമിയായി പവാര്‍ ഇവരില്‍ ആരെയെങ്കിലും ഉയര്‍ത്തിക്കാട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.