വേദവ്യാസജയന്തി

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2008 (14:32 IST)
PRO
ഇതിഹാസമായ മഹാഭരതത്തിന്‍റെ കര്‍ത്താവ്, മഹാവിഷ്ണുവിന്‍റെ വംശാവലിയിലെ മുനിപ്രവരന്‍, കൗരവരുടേയും പാണ്ഡവരുടേയും മുത്തശ്ശന്‍ എന്നീനിലകളിലെല്ലാം അറിയപ്പെടുന്ന വ്യാസമുനി ഭാരതീയമായ മഹനീയ സംസ്കൃതിയുടെ പ്രതീകമാണ്.

വ്യാസന്‍ "വേദ വ്യാസനായത് '

ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വിഭജിച്ചു. ഇപ്രകാരം ചെയ്തതുകൊണ്ടാണ് വ്യാസന്‍ "വേദവ്യാസനായി' അറിയപ്പെടുന്നത്. ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവായും അറിയപ്പെടുന്നു.

വ്യാസന്മാര്‍ പുരാണങ്ങളില്‍

ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരമാര്‍ശിക്കുന്നു. ഒന്നാമത്തെ ദ്വാപരയുഗത്തില്‍ വേദത്തെ വേര്‍തിരിച്ചത് ബ്രഹ്മാവായിരുന്നു. രണ്ടാമത്തേതില്‍ വേദവ്യാസന്‍ പ്രജാപതിയായിരുന്നു. ഒടുവിലായി കൃഷ്ണദ്വൈപായനന്‍ ഉള്‍പ്പെട്ട ഇരുപത്തെട്ടുപേര്‍ വേദത്തെ വേര്‍തിരിച്ച് വേദവ്യാസന്മാരായി തീര്‍ന്നതായി പുരാണങ്ങള്‍ പറയുന്നു.

എല്ലാ മന്വന്തര്ങളിലും ഓരോ വ്യാസന്മാര്‍ ജനിക്കുമെന്ന് വിഷ്ണു പുരാണത്തിലെ മൂന്നാം അംശം പറയുന്നു. . ഇനിയത്തെ ദ്വാപരയുഗത്തില്‍ വേദവ്യാസനാകാന്‍ പോകുന്നത് ദ്രോണരുടെ പുത്രനായ അശ്വന്മാവാണ്.

വ്യാസന്‍റെ ജനന ം

പരാശരമുനിക്ക് കാളീ എന്ന മുക്കുവ കന്യകയില്‍ ജനിച്ച പുത്രനാണ് വേദവ്യാസന്‍. മഹാഭാരതത്തില്‍ ഇദ്ദേഹത്തിന്‍റെ ജനനവുമായി ബന്ധപ്പെടുത്തി അനേകം കഥകളും ഉപകഥകളും കാണപ്പെടുന്നു. അദ്ദേഹത്തിന്‍റെ അമ്മയായ കാളിയുടെ ജനനം വിവരിക്കുന്നതും ഇത്തരമൊരു കഥയിലൂടെയാണ്.

കാളിന്ദീ തീരത്ത് താമസിച്ചിരുന്ന മുക്കുവന്‍റെ വലയില്‍ ഒരിക്കല്‍ ഒരു വലിയ മത്സ്യം അകപ്പെട്ടു. അതിനെ മുറിച്ചപ്പോള്‍ വയറ്റില്‍ നിന്നും രണ്ടു കുഞ്ഞുങ്ങളെ കിട്ടി. ഒരാണും ഒരു പെണ്ണും. ഇതില്‍ ആണ്‍കുട്ടിയെ ചേദീ രാജാവായ വസു ഏറ്റെടുക്കുകയും പെണ്‍കുഞ്ഞിനെ മുക്കുവനു നല്‍കുകയും ചെയ്തു. ആ കുഞ്ഞാണ് കാളി. അവള്‍ക്ക് മത്സ്യഗന്ധമുള്ളതിനാല്‍ മത്സ്യഗന്ധി എന്നും പേരുണ്ടായി.

കാളി അച്ഛനെ സഹായിക്കാനായി കടത്ത് ജോലി ഏറ്റെടുക്കാറുണ്ടായിരുന്നു. അന്നൊരിക്കല്‍ കടത്ത് കടക്കുന്നതിനായി പരാശരമുനി ആ വഴിക്കു വന്നു. "വിഷ്ണുവിന്‍റെ' അംശമായി പരിശുദ്ധനായി മൂന്നു ലോകത്തും കീര്‍ത്തിക്കപ്പെട്ടവനായി അതിവിദ്വാനായി ലോകാചാര്യനായി ഒരു പുത്രന്‍ നിനക്ക് ജനിക്കും. അവന്‍ വേദത്തെ പകുക്കുന്നവനും ലോകാരാധ്യനുമായിത്തീരുമെന്ന് അനുഗ്രഹിച്ചു.

അപ്രകാരം ജനിച്ച മകനാണ് വ്യാസന്‍. മുനിയുടെ അനുഗ്രഹത്താല്‍ മത്സ്യഗന്ധിയുടെ മത്സ്യഗന്ധം മാറുകയും കസ്തൂരി ഗന്ധം ഉണ്ടാകുകയും ചെയ്തു. കാളിന്ദീ മധ്യത്തിലെ ദ്വീപില്‍ ജനിച്ചതിനാല്‍ ദ്വൈപാനന്‍ എന്നും കറുത്ത നിറമായതിനാല്‍ കൃഷ്ണന്‍ എന്നും പേരുണ്ടായി.

ചന്ദ്രവംശം രാജാവായ ശന്തനു മഹാരാജാവ് വ്യാസന്‍റെ മാതാവായ കാളി (സത്യവതി)യെ വിവാഹം കഴ വഴിയാണ് ഹസ്തിനപുരവുമായി അദ്ദേഹത്തിന് ബന്ധം ഉണ്ടാകുന്നത്. ശന്തനുവിന് സത്യവതിയിലുണ്ടായ ചിത്രാംഗദനും വിചിത്രവീര്യനും വളരെ ചെറുപ്പത്തില്‍ തന്നെ മരിച്ചതിനാല്‍ വംശം അന്യം നിന്നുപോകുന്നത് തടയാന്‍ അമ്മയുടെ ആവശ്യപ്രകാരമാണ് വ്യാസന്‍ ഹസ്തിനപുരത്തെത്തുന്നത്.

സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം വ്യാസനില്‍ നിന്നും അംബികയ്ക്കും അംബാലികയ്ക്കും ജനിച്ച പുത്രന്മാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും.




ഗുരു പൂര്‍ണ്ണി മ


PTIPTI
വേദവ്യാസന്‍റെ ജയന്തി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിളാണ് വരുക. എന്നാല്‍ ജൂലയിലാണ് വ്യാസ പൂര്‍ണ്ണിമ എന്ന ഗുരു പൂര്‍ണ്ണിമ

വേദവ്യാസന്‍റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഈ ആഘോഷത്തിനു പിന്നില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഉദിച്ചുയരുന്ന സൂര്യന്‍റെ പ്രകാശവും ചൂടും ഭൂമിയില്‍ നിറയുന്നതു പോലെ മനുഷ്യഹൃദയം ദൈവിക അനുഗ്രഹത്തിലും സമാധാനത്തിലും നിറയുമെന്നാണ് വിശ്വാസം.

പൂര്‍ണ്ണചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സിലെ അജ്ഞതയാകുന്ന തമസിനെ അറിവാകുന്ന പ്രകാശം കൊണ്ട് നിറയ്ക്കുന്ന ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് എന്നൊരു വാദവും നിലവിലുണ്ട്. പുരാണ ഇതിഹാസം കര്‍ത്താവായ വേദവ്യാസനെ അറിവിന്‍റെ ഗുരുവായി പ്രതിഷ്ഠിച്ചാണ് ഗുരുപൂര്‍ണ്ണിമ ആഘോഷിക്കുന്നത്. മഹാവിഷ്ണുവിന്‍റെ അവതാരമായും വേദവ്യാസനെ കണക്കാക്കുന്നു.

ഗുരുപൂര്‍ണ്ണിമ ദിവസം ജനങ്ങള്‍ ഗുരുര്‍ ബ്രഹ്മോ, ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാത് പരബ്രഹ്മ, തത്മയി ശ്രീ ഗുരുവേ നമഃ എന്ന ശ്ളോകം ഉരുവിടുന്നു.

ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസ ം

വേദവ്യാസന്‍ ബ്രഹ്മ സൂത്രം എഴുതിത്തുടങ്ങിയ ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്നാണ് ഒരു വാദം. എന്നാല്‍ തെലുങ്ക് കലണ്ടര്‍ അനുസരിച്ച് നാലാമത്തെ മാസമായ ആഷാഡത്തിലെ പൂര്‍ണ്ണ ചന്ദ്രനുള്ള ദിവസമാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിക്കുന്നതെന്ന വാദമാണ് എല്ലാവരും അംഗീകരിച്ചിട്ടുള്ളത്.

ഗുരു (ഗു - അജ്ഞത, രു - തകര്‍ക്കുക) പൂര്‍ണ്ണിമ - പൗര്‍ണ്ണമി (വെളുത്തവാവ്) എന്നീ വാക്കുകളില്‍ നിന്നാണ് ഗുരുപൂര്‍ണ്ണിമയുടെ ഉല്പത്തി എന്നതും രണ്ടാമത്തെ വാദത്തെ ശരിവയ്ക്കുന്നു. എന്തായാലും അന്ധകാരത്തില്‍ നിന്നും മനുഷ്യമനസ്സിനെ മോചിപ്പിക്കാനുള്ള ഈ ദിവസത്തെ ജനങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നു.


വ്യാസനും മഹാഭാരതവും


PTIPTI
ഭാരത ചരിത്രത്തിലെ ഉത്തമ ഗ്രന്ഥമെന്നറിയപ്പെടുന്ന പുരാണ ഇതിഹാസങ്ങളിലൊന്നായ "മഹാഭാരതത്തിന്‍റെ' കര്‍ത്താവെന്ന നിലയിലാണ് "വേദവ്യാസന്‍' ആരാധ്യനാകുന്നത്. എന്നാല്‍ മഹാഭാരതം അദ്ദേഹത്തിന്‍റെ കാവ്യജീവിതം അനാവരണം ചെയ്യുന്നതിനൊപ്പം തന്നെ സ്വകാര്യ ജീവിതവും വരച്ചു കാട്ടുന്നു. ജീവിത സായാഹ്നത്തില്‍ ഹിമാലയത്തിലെ നിശബ്ദ ഗുഹകളില്‍ ധ്യാനനിമഗ്നനായി കഴിഞ്ഞുകൂടിയ നാളുകളില്‍ ഭൂതകാല സംഭവങ്ങളുടെ വെളിച്ചത്തിലാകാം പുരാണ ഇതിഹാസങ്ങള്‍ രൂപം കൊണ്ടതെന്ന് കരുതുന്നു.

മഹാഭാരതത്തിന്‍റെ രചനയാണ് അദ്ദേഹത്തെ അനന്തര തലമുറകളോട് ഏറ്റവും കൂടുതല്‍ അടുപ്പിച്ചതെന്ന് നിസംശയം പറയാവുന്ന വസ്തുതതയാണ്.

മഹാഭാരതത്തിന്‍റെ പൂര്‍വകഥ

മഹാഭാരതം ഗ്രന്ഥരൂപത്തില്‍ പിറവിയെടുക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്. ധ്യാനനിമഗ്നനായ ആ ഋഷീശ്വരന്‍റെ മനസ്സില്‍ ഭൂതകാല സംഭവങ്ങള്‍ കുലംകുത്തിയൊഴുകുന്ന ഒരു മഹാനദി കണക്കെ പ്രവഹിച്ചു തുടങ്ങി. അപ്പോഴാണ് ഒരു പ്രശ്നം മുന്നിലുദിച്ചത്. അനര്‍ഗളമായ ഈ വാക്പ്രവാഹം ആര് പകര്‍ത്തിയെടുക്കും. ഈ ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ നിന്ന വേദവ്യാസന് ബ്രഹ്മാവ് ഉപായം പറഞ്ഞുകൊടുത്തു. ഗണപതി കാവ്യം പകര്‍ത്തിയെഴുത്തുകാരനാകും. അതനുസരിച്ച് വ്യാസന്‍ ഗണപതിയെ സമീപിച്ചു. ഗണപതി സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥ. "ഇടയ്ക്ക് എഴുത്താണി നിര്‍ത്താതെ അനര്‍ഗളമായി പറഞ്ഞുതരണം. വ്യാസന്‍ സമ്മതിച്ചു. പകരം ഒന്നാവശ്യപ്പെട്ടു. അര്‍ത്ഥം ധരിക്കാതെ കാവ്യം എഴുതരുതെന്ന്. ആ നിര്‍ദ്ദേശം ഗണപതിയും അംഗീകരിച്ചു. രണ്ടര വര്‍ഷംകൊണ്ട് മഹാകാവ്യം പൂര്‍ത്തിയാക്കി ശിഷ്യന്മാരെ പഠിപ്പിച്ചുവെന്നാണ് ഐതീഹ്യം.

എന്തായാലും കൗരവ പാണ്ഡവരുടെ സംഭവബഹുലമായ ജീവിത ചരിത്രത്തിനൊപ്പം തന്നെ വേദവ്യാസനും മഹാഭാരത കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രത്യക്ഷമായല്ലെങ്കില്‍ക്കൂടി ആ മഹനീയ സാന്നിധ്യം ഉടനീളം അനുഭവവേദ്യമാകുന്നു.