ലാല്‍-മമ്മൂട്ടി റെയ്ഡ്: പിന്നില്‍ ചിലരുടെ പരാതികള്‍?

Webdunia
വെള്ളി, 22 ജൂലൈ 2011 (15:22 IST)
PRO
മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന് പിന്നില്‍ ഇരുവര്‍ക്കുമെതിരെ ചില ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന പരാതികളാണെന്ന് സൂചന. ദുബായിലും സിംഗപ്പൂരിലും അമേരിക്കയിലും മമ്മൂട്ടിക്കുള്ള ബിസിനസ് സംരംഭങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പ് എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഈ ഇടങ്ങളിലെല്ലാം മോഹന്‍ലാലിനും ബിസിനസുകളുണ്ട്.

ഇരു സൂപ്പര്‍സ്റ്റാറുകള്‍ക്കും വരുമാനത്തില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് പ്രധാന ആരോപണം. ഇവരുടെ നിക്ഷേപങ്ങളും ബിസിനസുകളും ഇവര്‍ക്കുള്ള വരുമാനവുമായി യോജിച്ചു പോകുന്നില്ലെന്നാണ് പരാതികള്‍ ലഭിച്ചിട്ടുള്ളത്. ഈ നിക്ഷേപങ്ങള്‍ക്കും ബിസിനസ് മുതല്‍മുടക്കുകള്‍ക്കും അനുസൃതമായിട്ടുള്ള ആദായനികുതി ഇരുവരും അടയ്ക്കുന്നുണ്ടോ എന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ഐസ്ക്രീം കേസ് വിവാദ നായകനുമായ കെ എ റൌഫ് അടുത്തിടെ മോഹന്‍ലാലിനെ പരോക്ഷമായി പരാമര്‍ശിച്ച് നടത്തിയ ചില പ്രസ്താവനകളും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഏതൊക്കെ കേന്ദ്രങ്ങളില്‍ നിന്നാണ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരിന്‍റെ വീട്ടിലും മമ്മൂട്ടിച്ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആന്‍റോ ജോസഫിന്‍റെ വീട്ടിലും റെയ്ഡ് നടന്നു.